
ദില്ലി : 18 സൈനിക താവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് സമ്മതിച്ച് പാകിസ്ഥാൻ. ഇന്ത്യ വെളിപ്പെടുത്തിയതിനെക്കാൾ കൂടുതൽ പാക് സേന താവളങ്ങൾ തകർന്നുവെന്നാണ് അറ്റകുറ്റപണിക്കായി പാകിസ്ഥാൻ തയ്യാറാക്കിയ റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. പെഷാവർ, സിന്ധിലെ ഹൈദരാബാദ്, അറ്റോക് എന്നീ താവളങ്ങൾ പട്ടികയിലുക്ഷപ്പെട്ടിട്ടുണ്ട്. നേരത്തെ ഇന്ത്യ പാകിസ്ഥാന്റെ 11 സേനാ കേന്ദ്രങ്ങളും 2 വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തുവെന്നാണ് അറിയിച്ചിരുന്നത്.
അതേ സമയം, വിവാദങ്ങള്‍ക്കിടെ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യൻ സേനക്കും നഷ്ടങ്ങളുണ്ടായെന്നാവര്‍ത്തിക്കുകയാണ് സംയുക്ത സൈനിക മേധാവി. ഇന്ത്യയുടെ വിമാനങ്ങള്‍ വീണോ എന്നതിലടക്കം രാഷ്ട്രീയ വിവാദം ശക്തമാകുമ്പോഴാണ്, പങ്കെടുക്കുന്ന പൊതു പരിപാടികളില്‍ സേനകള്‍ക്കും തിരിച്ചടിയുണ്ടായെന്ന് ജനറല്‍ അനില്‍ ചൗഹാന്‍ തുറന്ന് പറയുന്നത്. എന്നാല്‍ ആ തിരിച്ചടി മറികടന്നുവെന്നതിലാണ് ഇന്ത്യയുടെ വിജയം, ആണവ ബ്ലാക്ക് മെയിലിങ്ങടക്കം സ്ഥിരം തന്ത്രങ്ങള്‍ ഇനി വിലപ്പോവില്ലെന്നും അനില്‍ ചൗഹാന്‍ മുന്നറിയിപ്പ് നല്‍കി.
ലോക രാജ്യങ്ങളില്‍ പാകിസ്ഥാനെ തുറന്ന് കാട്ടി ഇന്ത്യൻ സംഘങ്ങൾ
തിരിച്ചടികളുണ്ടായെങ്കിലും ലോക രാജ്യങ്ങളില്‍ പാകിസ്ഥാനെ തുറന്ന് കാട്ടാന്‍ ഇന്ത്യ നടത്തിയ ദൗത്യം വിജയകരമായി പൂര്‍ത്തിയാകുന്നു. 33 രാജ്യങ്ങളിലേക്കയച്ച 59 അംഗങ്ങളടങ്ങുന്ന 7 സംഘങ്ങള്‍ തിരിച്ചെത്തി തുടങ്ങി. ബൈജയന്ത് പാണ്ഡെ, കനിമൊഴി, ശ്രീകാന്ത് ഏക് നാഥ് ഷിന്‍ഡെ എന്നിവര്‍ നേതൃത്വം നല്‍കിയ സംഘങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോട് ദൗത്യത്തെ കുറിച്ച് ബൈജയന്ത് പാണ്ഡെ നേതൃത്വം നല്‍കിയ സംഘം കാര്യങ്ങള്‍ വിശദീകരിച്ചു. മറ്റ് സംഘാംഗങ്ങളും വിശദമായ റിപ്പോര്‍ട്ട് നല്‍കി കാര്യങ്ങള‍് വിശദീകരിക്കും. ഞായറാഴ്ചയോടെ മുഴുവന്‍ സംഘങ്ങളും തിരിച്ചെത്തും. ഭീകരവാദത്തിനെതിരെ ഒന്നിച്ചു നില്ക്കുക എന്ന സന്ദേശമാണ് എല്ലാ രാജ്യങ്ങളിലും സംഘങ്ങൾ നല്കിയത്. ഇന്ത്യയുടെ നീക്കം ഭീകരവാദത്തിന് എതിരെ മാത്രമായിരുന്നു എന്നതും സംഘം വിശദീകരിച്ചു.തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ പ്രധാനമന്ത്രി സംഘാംഗങ്ങളെ കാണും.
പ്രത്യേക പാർലമെൻറ് സമ്മേളനം 16ന് ചേരുമെന്ന സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം നീളുകയാണ്. ദീപേന്ദർ ഹൂഡയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ഇതിനായുളള ഒപ്പു ശേഖരണം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam