നുപുർ ശർമയെ കൊല്ലാനെത്തിയ ആൾ പിടിയിൽ, പാക് സ്വദേശി പിടിയിലായത് രാജസ്ഥാനിൽ

By Web TeamFirst Published Jul 19, 2022, 4:22 PM IST
Highlights

'പിടിയിലായത് പഞ്ചാബ് പ്രവിശ്യയിൽ നിന്നെത്തിയ റിസ്വാൻ അഷ്‍റഫ്, കത്തിയും മതഗ്രന്ഥങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തതായി വിവരം ലഭിച്ചു'

ദില്ലി: നബി വിരുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ ബിജെപി മുൻ വക്താവ് നുപുർ ശർമയെ വധിക്കാൻ പാക്കിസ്ഥാനിൽ നിന്നെത്തിയ ഭീകരൻ പിടിയിൽ. പാകിസ്ഥാനിലെ പഞ്ചാബിൽ നിന്നെത്തിയ ആൾ രാജസ്ഥാനിൽ പിടിയിലായതായി നുപുർ ശ‌ർമയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ അതിർത്തിയിലെ ഹിന്ദുമൽക്കോട്ട് ഔട്ട്പോസ്റ്റിന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായതെന്ന് ബിഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്ന് വിവരം കിട്ടിയതായാണ് കോടതിയെ അറിയിച്ചത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ദി ബഹോദ്ദീൻ സ്വദേശിയായ റിസ്വാൻ അഷ്‍റഫാണ് പിടിയിലായത്. പ്രാഥമിക ചോദ്യം ചെയ്യലിൽ നപുർ ശർമയെ വധിക്കാനാണ് എത്തിയതെന്ന് ഇയാൾ മൊഴി നൽകിയതായും അഭിഭാഷകൻ അറിയിച്ചു.

റിസ്വാന്റെ കൈവശം കത്തിയും മത ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. അജ്മീർ ദർഗ സന്ദർശിച്ച ശേഷം നുപുർ ശർമയെ വധിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നും അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ഐബി, റോ, മിലിട്ടറി രഹസ്യാന്വേഷണ വിഭാഗം എന്നിവർ ചേർന്ന് റിസ്വാൻ അഷ്റഫിനെ ചോദ്യം ചെയ്ത് വരികയാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. തനിക്കെതിരെ ദില്ലിക്ക് പുറത്തുള്ള കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നുപുർ നൽകിയ ഹർജി പരിഗണിക്കവേയാണ് അഭിഭാഷകൻ ഇക്കാര്യങ്ങൾ അറിയിച്ചത്.

നുപുർ ശർമയുടെ അറസ്റ്റ് തടഞ്ഞു, അടുത്ത മാസം 10 വരെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

കേസ് പരിഗണിക്കവേ, നുപുറിനെ അടുത്ത മാസം 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. നുപുർ ശർമയ്ക്കെതിരെ കേസെടുത്ത എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ദില്ലിയിലെ ഒഴികെയുള്ള കേസുകൾ റദ്ദാക്കണമെന്ന നുപുറിന്റെ ആവശ്യത്തിലാണ് നോട്ടീസ് അയച്ചത്. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ കേസെടുത്ത സംസ്ഥാനങ്ങളോട് ഹൈക്കോടതി നിർദേശിച്ചു. വാദത്തിനിടെ, നുപുർ ശർമയ്ക്ക് വിവിധ ഹൈക്കോടതികളെ സമീപിക്കാനുള്ള സാഹചര്യമില്ലെന്ന് അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, അറസ്റ്റിൽ നിന്ന് നൽകിയ താൽക്കാലിക സംരക്ഷണം, ഭാവിയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾക്കും ബാധകമാണെന്ന് വ്യക്തമാക്കി.

 

click me!