മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഇളക്കിമറിച്ച് മുന്‍ മുംബൈ പൊലീസ് കമ്മീഷ്ണറുടെ കത്ത്

By Web TeamFirst Published Mar 20, 2021, 8:26 PM IST
Highlights

കേസുമായി ബന്ധപ്പെട്ട് സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട മുംബൈ പൊലീസ് കമ്മീഷ്ണര്‍ പരംബീര്‍ സിംഗ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് എഴുതിയ കത്താണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 
 

മുംബൈ: വ്യവസായ മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തു കണ്ടെത്തിയ കേസില്‍ പുതിയ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട മുംബൈ പൊലീസ് കമ്മീഷ്ണര്‍ പരംബീര്‍ സിംഗ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് എഴുതിയ കത്താണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഗുരുതര ആരോപണവുമായാണ് കത്ത്. കത്ത് പ്രകാരം മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തു കണ്ടെത്തിയ കേസില്‍ സസ്പെന്‍ഷനിലായ മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വാസെയെ ഉപയോഗിച്ച് മുംബൈയിലെ ഭക്ഷണശാലകള്‍, ബാറുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും 100 കോടി ഭീഷണിപ്പെടുത്തി കൈക്കലാക്കുവാന്‍ ശ്രമം നടന്നുവെന്നാണ് സൂചിപ്പിക്കുന്നത്. 

 വാസെയെപ്പോലെ വിവിധ ഉദ്യോഗസ്ഥര്‍ക്ക് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയില്‍ നിന്നും ഇത്തരത്തില്‍ നിര്‍ദേശം എത്തിയിട്ടുണ്ടെന്നാണ് കത്തിലെ ആരോപണം. ഒപ്പം ക്രമസമാധാന പാലനത്തില്‍ ആഭ്യന്തര മന്ത്രിയുടെ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്. വാസെ അടക്കമുള്ള പൊലീസ് ഓഫീസര്‍മാരെ സ്വന്തം വസതിയില്‍ വിളിച്ചുവരുത്തി അന്വേഷണങ്ങള്‍ക്കും മറ്റും ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കുന്നുവെന്നാണ് കത്തിലെ മറ്റൊരു ആരോപണം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതേ കാര്യങ്ങള്‍ തന്നെ പരംബീര്‍ സിംഗ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാര്‍, എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരെയും അറിയിച്ചിട്ടുണ്ട്. അതേ സമയം ഫെബ്രുവരി മധ്യത്തോടെയാണ് നൂറുകോടി പിരിക്കാന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടത് എന്നാണ് കത്തില്‍ പറയുന്നത്. 

അതേ സമയം ഈ ആരോപണത്തെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേശ്മുഖ് നിഷേധിച്ചു. മുകേഷ് അംബാനി കേസ് സച്ചിന്‍ വാസെയിലും, അത് കഴിഞ്ഞ് പരംബീറിലേക്കും നീങ്ങും എന്നതിനാലാണ് പരംബീര്‍ ഇത്തരം ഒരു ആരോപണം നടത്തുന്നത്. സ്വയം നിയമനടപടികളില്‍ നിന്നും രക്ഷനേടാന്‍ വേണ്ടിയാണിത്- ദേശ്മുഖ് ട്വിറ്ററില്‍ കുറിച്ചു.

click me!