മക്കള്‍ കാതങ്ങള്‍ അകലെ; കണ്ണീരോടെ കൊറോണക്കാലം തള്ളിനീക്കുന്ന മാതാപിതാക്കള്‍

By Web TeamFirst Published Apr 22, 2020, 2:37 PM IST
Highlights

വര്‍ഷത്തിലൊരിക്കലെങ്കിലും നടക്കുന്ന കൂടിചേരലുകളെ കൂടിയാണ് കൊവിഡ് കവര്‍ന്നത്. പരസ്പരം സമാശ്വസിപ്പിച്ച് ദിനങ്ങള്‍ ഇവര്‍ ദിവസങ്ങള്‍ തള്ളി നീക്കുകയാണ്. അതുപോലെ മോഹനന്‍ പിള്ളയുടെ ഏകാന്ത ജീവിതത്തെയും കുറച്ചൊന്നുമല്ല ഈ കാലം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ദില്ലി: കൊവിഡ് സൃഷ്ടിച്ച അപ്രതീക്ഷിത ഏകാന്തതയില്‍ രാജ്യ തലസ്ഥാനത്ത് ഒറ്റപ്പെട്ട് താമസിക്കുകയാണ് ഒരു പറ്റം മലയാളി വൃദ്ധ മാതാപിതാക്കള്‍. വിദേശത്തും മറ്റിടങ്ങളിലും അകപ്പെട്ട മക്കള്‍ തിരികെയത്തുന്നതിലെ അനിശ്ചിതത്വം എത്രകാലം എന്ന ആശങ്കയിലാണിവര്‍.
34 വര്‍ഷമായി ദില്ലിയില്‍ സ്ഥിരതാമസക്കാരാണ് തൃശൂര്‍ സ്വദേശികളായ ഹരിദാസും ഭാര്യ ദേവിയും.

കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഹരിദാസിന്‍റെ വിശ്രമജീവിതത്തില്‍ കാറുകോളും നിറച്ചിരിക്കുകയാണ് ഈ കൊറോണക്കാലം. മക്കളില്‍ ഒരാള്‍ കാനഡയിലെ ടൊറന്‍റോയിലാണ്, മറ്റൊരാള്‍ കേരളത്തിലും. വര്‍ഷത്തിലൊരിക്കലെങ്കിലും നടക്കുന്ന കൂടിചേരലുകളെ കൂടിയാണ് കൊവിഡ് കവര്‍ന്നത്.

പരസ്പരം സമാശ്വസിപ്പിച്ച് ദിനങ്ങള്‍ ഇവര്‍ ദിവസങ്ങള്‍ തള്ളി നീക്കുകയാണ്. അതുപോലെ മോഹനന്‍ പിള്ളയുടെ ഏകാന്ത ജീവിതത്തെയും കുറച്ചൊന്നുമല്ല ഈ കാലം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ദില്ലിയിലെ വീട്ടില്‍ മോഹനന്‍ പിള്ള ഒറ്റക്കാണ്. ഏക മകന്‍ തിരുവനന്തപുരത്ത് ജോലി നോക്കുന്നു. വരുമാനമാര്‍ഗമായ വര്‍ക്ക് ഷോപ്പിന്‍റെ പ്രവര്‍ത്തനവും നിലച്ചു.

ഇതുപോലെ ഒറ്റയ്ക്കുള്ള ജീവിതത്തില്‍ പ്രതിസന്ധി നേരിടുന്ന നിരവധി മലയാളികളാണ് ദില്ലിയിലെ തീവ്രബാധിത മേഖലകളിലടക്കം കഴിയുന്നത്. മാനസികമായി ഇവർക്ക് ധൈര്യം പകരാനുള്ള ശ്രമം ആവശ്യമാണ്. മാത്രവുമല്ല സുരക്ഷയും ഉറപ്പുവരുത്തണം. കൊവിഡ് പ്രതിരോധമെന്ന വലിയ യുദ്ധത്തില്‍ ഇത്തരം സാഹചര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സര്‍ക്കാരിനുമാകുന്നില്ല. 

click me!