
ദില്ലി: പാര്‍ലമെന്റിൽ നടന്ന അതിക്രമ കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ വിശദീകരണം നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്നും പാര്‍ലമെന്റ് നടപടികൾ കലുഷിതമായി. ലോക്‌സഭയിലും രാജ്യസഭയിലും അംഗങ്ങൾ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധിച്ച എംപിമാരെ സസ്പെന്റ് ചെയ്ത സ്പീക്കറുടെ നടപടിയെ കൂടി വിമര്‍ശിച്ചായിരുന്നു പ്രതിഷേധം.
ലോക്സഭയിൽ എഎം ആരിഫ്, തോമസ് ചാഴിക്കാടൻ, വിജയകുമാർ, കവിത സിംഗ് എന്നീ നാല് പ്രതിപക്ഷ എംപിമാർ പോസ്റ്റർ ഉയർത്തി നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. നടപടിയെടുക്കുമെന്ന് ഇവര്‍ക്ക് സ്പീക്കര്‍ മുന്നറിയിപ്പ് നൽകി. ജനാധിപത്യത്തെ കൊലചെയ്യുകയാണ് സര്‍ക്കാരും സ്പീക്കറുമെന്ന് എംപിമാരുടെ മുദ്രാവാക്യം മുഴക്കി. ബഹളത്തെ തുടര്‍ന്ന് ലോക്സഭ 12 മണി വരെ നിര്‍ത്തിവച്ചു. രാജ്യസഭയും ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചെങ്കിലും പിന്നീട് ആരംഭിച്ചു. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ വീണ്ടും പ്രതിഷേധം തുടര്‍ന്നതോടെ 11.45 വരെ സഭ നടപടികൾ നിര്‍ത്തിവച്ചു.
ഇതിനിടെ, പാര്‍ലമെന്‍റിന് പുറത്ത് പ്രതിപക്ഷ എംപിമാര്‍ നടത്തിയ പ്രതിഷേധ മോക് പാര്‍ലമെന്‍റിനിടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ അനുകരിച്ചുവെന്ന വിവാദത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ധന്‍കറെ ഫോണില്‍ വിളിച്ച് വേദനയറിച്ചു. സംഭവത്തില്‍ വലിയ വേദനയുണ്ടെന്ന് മോദി അറിയിച്ചതായി ഉപരാഷ്ട്രപതി ധന്‍കര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങൾ തൻ്റെ കർത്തവ്യം നിർവഹിക്കുന്നതിൽ തടസം ആകില്ലെന്ന് ധന്‍കര്‍ മോദിയെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam