ലോക്സഭ സമ്മേളനത്തിന് ഇന്ന് തുടക്കം; അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും, സഭയില്‍ 267 പുതുമുഖങ്ങൾ

By Web TeamFirst Published Jun 17, 2019, 6:06 AM IST
Highlights

543 അംഗങ്ങളിൽ 267 പേര്‍ ഇത്തവണ പുതുമുഖങ്ങളാണ്. 12 ശതമാനം 40 വയസ്സിന് താഴെയുള്ളവരാണ്. 16-ാം ലോക്സഭയിൽ 8 ശതമാനമായിരുന്നു 40 വയസ്സിന് താഴെയുള്ളവരുടെ എണ്ണം. കൂടുതൽ വനിത അംഗങ്ങൾ എത്തുന്നു എന്നതും 17-ാം ലോക്സഭയുടെ പ്രത്യേകതയാണ്. 78 വനിതകളാണ് ഈ ലോക്സഭയിലുള്ളത്

ദില്ലി: പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. അംഗങ്ങളുടെ സത്യപ്രതിജ്ഞയാകും ഇന്നും നാളെയും നടക്കുക. ഈ സമ്മേളനത്തിൽ തന്നെ രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും അവതരിപ്പിക്കും. പ്രോടേം സ്പീക്കറായ ഡോ. വീരേന്ദ്രകുമാര്‍ രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലെത്തി ചുമതലയേക്കും. 11 മണിക്കാണ് സഭാനടപടികൾ തുടങ്ങുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കാബിനറ്റ് മന്ത്രിമാരും പുറകെ സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പ്രോടേംസ്പീക്കറെ സഹായിക്കാനുള്ള പാനലിലെ അംഗമായ കൊടിക്കുന്നിൽ സുരേഷ് ഉൾപ്പടെയുള്ളവര്‍ക്ക് ശേഷം ഇംഗ്ളീഷ് അക്ഷരമാലാക്രമത്തിൽ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.

543 അംഗങ്ങളിൽ 267 പേര്‍ ഇത്തവണ പുതുമുഖങ്ങളാണ്. 12 ശതമാനം 40 വയസ്സിന് താഴെയുള്ളവരാണ്. 16-ാം ലോക്സഭയിൽ 8 ശതമാനമായിരുന്നു 40 വയസ്സിന് താഴെയുള്ളവരുടെ എണ്ണം. കൂടുതൽ വനിത അംഗങ്ങൾ എത്തുന്നു എന്നതും 17-ാം ലോക്സഭയുടെ പ്രത്യേകതയാണ്. 78 വനിതകളാണ് ഈ ലോക്സഭയിലുള്ളത്. ഒന്നാം ലോക്സഭയിൽ ഒരു ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. ഇത് 14 ശതമാനമായി കൂടിയിട്ടുണ്ട്.

38 ശതമാനം എംപിമാര്‍ കര്‍ഷകരാണെങ്കിൽ 23 ശതമാനം പേര്‍ വ്യവസായികളും 4 ശതമാനം പേര്‍ അഭിഭാഷകരുമാണ്. 27 ശതമാനം പേരുടെ വിദ്യാഭ്യാസം 12 ക്ളാസുവരെ മാത്രമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ താരങ്ങളും ഇത്തവണ ലോക്സഭയിലേക്ക് എത്തുന്നു.

പുതിയ മുഖങ്ങൾക്കൊപ്പം പുതിയ സമീപനങ്ങൾ കൂടി വേണമെന്നാണ് ഇന്നലെ സര്‍വ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. സഭാ സമ്മേളനം തുടങ്ങുമ്പോഴും മുഖ്യപ്രതിപക്ഷ പാര്‍ടിയായ കോണ്‍ഗ്രസിൽ ആശയകുഴപ്പങ്ങൾ തുടരുകയാണ്. ലോക്സഭയിലെ നേതാവിനെ പോലും ഇതുവരെ കോണ്‍ഗ്രസിന് തീരുമാനിക്കാനായിട്ടില്ല. 

click me!