ശൈത്യകാല സമ്മേളനം: ക്രിസ്മസ് ആഘോഷ ദിവസങ്ങൾ പരിഗണിക്കണമെന്ന് കോൺഗ്രസ്; മറുപടിയുമായി പാർലമെന്‍ററികാര്യ മന്ത്രി

By Web TeamFirst Published Dec 6, 2022, 7:42 PM IST
Highlights

കഴിഞ്ഞ തവണ പ്രതിപക്ഷ പാര്‍ട്ടികള്‍ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയിരുന്നു. അന്ന് കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നടക്കുന്നതിനാല്‍ ഇത്തവണ സമ്മേളനത്തില്‍ പങ്കെടുക്കില്ല

ദില്ലി: പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം നാളെ തുടങ്ങുമ്പോൾ വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങള്‍ വലിയ തോതിൽ ചർച്ചയാകും. ഈ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം ഇതിനകം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം, ചൈനീസ് കടന്നുകയറ്റം, സാമ്പത്തിക സംവരണ വിഷയങ്ങള്‍ എന്നിവയും ചർച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്മസ് അവധി ദിനങ്ങൾക്ക് അനുസരിച്ച് പാർലമെന്‍റ് സമ്മേളനം ക്രമീകരികരിച്ചില്ലെന്ന് കാട്ടി സർവകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചു.

സമ്മേളനം വെട്ടിച്ചുരുക്കണമെന്നല്ല, പക്ഷേ ക്രിസ്മസ് ആഘോഷം കണക്കിലെടുത്ത് സമ്മേളനം ക്രമീകരിക്കണമായിരുന്നുവെന്നാണ് കോൺഗ്രസ് പ്രതിനിധി അധിർ ര‌ഞ്ജൻ ചൗധരി ആവശ്യപ്പെട്ടത്. ക്രിസ്മസ് കാലത്തിനനുസരിച്ച് സർക്കാര്‍ സഭ സമ്മേളനം ക്രമീകരിച്ചില്ലെന്ന് കോണ്‍ഗ്രസിനൊപ്പം ഡി എം കെ, ആ‍ർ എസ് പി പാര്‍ട്ടികളും വിമർശനം ഉന്നയിച്ചു. ക്രിസ്മസ് കഴിഞ്ഞുള്ള അടുത്ത ദിവസം സഭ ചേരുന്നത് ഉന്നയിച്ചായിരുന്ന വിമർശനം. എന്നാല്‍ ആരോപണം തള്ളിയ കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി ക്രിസ്മസ് അവധി പരിഗണിച്ച് രണ്ട് ദിവസം സഭ ചേരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ഡിസംബർ 24 , 25 തിയതികളില്‍ അവധിയുണ്ടെന്നാണ് കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി പറഞ്ഞത്.

വിഴിഞ്ഞത്ത് സംഭവിച്ചതെന്തെല്ലാം? സർക്കാർ എന്തുചെയ്തു, ഇനിയെന്ത്; എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ വിശദമായ മറുപടി

അതേസമയം ഇന്ന് ചേർ‍ന്ന സർവകക്ഷിയോഗത്തില്‍ 31 രാഷ്ട്രീയപാർട്ടികള്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, പീയുഷ് ഗോയല്‍ , പ്രള്‍ഹാദ് ജോഷി എന്നിവരാണ് സർക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തിനെത്തിയത്. സർവ്വകക്ഷി യോഗത്തിൽ സർക്കാരിന് വേണ്ടി മന്ത്രിമാർ പാർലമെന്‍റ് സമ്മേളനം വിജയമാക്കാൻ പ്രതിപക്ഷ പിന്തുണ തേടി. നാളെ തുടങ്ങുന്ന പാര്‍ലമന്‍റ് സമ്മേളനം ഡിസംബർ 29 വരെയാണ് ചേരുന്നത്. പതിനേഴ് ദിവസത്തെ സഭ സമ്മേളനത്തില്‍ പതിനാറ് ബില്ലുകളാണ് അവതരിപ്പിക്കുക.

രണ്ട് കാര്യങ്ങൾ, ലീഗിന്‍റെ നിലപാടെന്ത്‌? മുഹമ്മദ് മുഹ്‌സീൻ ചോദിച്ചു; കുഞ്ഞാലികുട്ടിയുടെ മറുപടി!

വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കഴിഞ്ഞ തവണ പ്രതിപക്ഷ പാര്‍ട്ടികള്‍ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ അന്ന് കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നടക്കുന്നതിനാല്‍ ഇത്തവണ സമ്മേളനത്തില്‍ പങ്കെടുക്കില്ല. വ്യാഴാഴ്ചയാണ് ഗുജറാത്ത് , ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. വലിയ വിജയം ഗുജറാത്തിലും, ഭരണം നിലനിര്‍‍ത്താൻ ഹിമാചലിലുമായില്‍ പ്രതിപക്ഷത്തെ ആത്മവിശ്വാസത്തോടെ നേരിടാമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. മറിച്ചാണെങ്കിൽ കേന്ദ്രസർക്കാരിനെ വിറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

click me!