
ദില്ലി:തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമന രീതി മാറ്റുന്ന ബില്ല് പാസാക്കിയതിന് പിന്നാലെ ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. നാളെ വരെ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒരു ദിവസം മുമ്പെ ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു. അതേസമയം, ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കിയതിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിച്ചേക്കും. ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ രാജ്യസഭ അല്‍പ്പസമയത്തിനകം പാസാക്കും. ഇതിനുശേഷമായിരിക്കും രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിയുക. നൂറ് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍റ് ചെയ്ത ശേഷം സർക്കാര്‍ ലക്ഷ്യമിട്ട എല്ലാ ബില്ലുകളും പാസാക്കിയാണ് ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിയാൻ തീരുമാനിച്ചത്.
സർക്കാരിന്‍റെ ശുപാര്‍ശ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ രാഷ്ട്രപതി നിയമിക്കുന്ന രീതി നേരത്തെ സുപ്രീകോടതി റദ്ദാക്കിയിരുന്നു.പകരം പ്രധാനമന്ത്രി,സുപ്രീംകോടതി ചീഫ് ജസ്റ്റിസ്,ലോക്സഭ പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെട്ട സമിതി നിയമന നടത്തണമെന്നാണ് ഭരണഘടന ബെഞ്ച് വിധിച്ചത്. ഇത് മറികടക്കാനുള്ള ബില്ലാണ് രാജ്യസഭക്ക് ശേഷം ഇന്ന് ലോക്സഭയും കടന്നത്. പ്രധാനമന്ത്രി നിയമമന്ത്രി ലോക്സഭ പ്രതിപക്ഷ നേതാവ് എന്നിവർ ചേർന്ന് കമ്മീഷണർമാരെ നിയമിക്കാനാണ് ബില്ലിലെ വ്യവസ്ഥ.സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഇതെന്ന് മറ്റ് പ്രതിപക്ഷ അംഗങ്ങളുടെ അഭാവത്തില്‍ ബില്ലിനെ എതിർത്ത എംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി കുറ്റപ്പെടുത്തി. ബില്ലിലെ വ്യവസ്ഥകള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനാണ് സാധ്യത. സി്ആർപിസി , ഐപിസി എന്നിവ മാറ്റി എഴുതാനുള്ള ബില്ലുകള്‍ പാസാക്കാനും സർക്കാരിന് കഴിഞ്ഞു.സുപ്രധാനമായ ടെലികോം നിയമഭേദഗതിയും ഈ സമ്മേളനത്തില്‍ പാസായി. എതിർപക്ഷത്തെ പുറത്താക്കി ബില്ലുകള്‍ പാസാക്കിയ സർക്കാർ നടപടി നിയമതർക്കത്തതിന് ഇടയാകാകാനാണ് സാധ്യത.
ഇതിനിടെ, ഇന്ന് മൂന്ന് എംപിമാരെ കൂടി ലോക്സഭയില്‍ നിന്ന് സസ്പന്‍റ് ചെയ്തു. ഡികെ സുരേഷ്, ദീപക് ബെയ്ജ്, നകുല്‍നാഥ് എന്നീ കോണ്‍ഗ്രസ് എംപിമാരെയാണ് സസ്പെന്‍റ് ചെയ്തത്. ഇതോടെ ലോക്സഭയില്‍നിന്ന് മാത്രം സസ്പെന്‍ഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 100 ആയി. ലോക്സഭയില്‍നിന്നും രാജ്യസഭയില്‍നിന്നുമായി ആകെ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 146 ആയി. സസ്പെൻറ് ചെയ്യപ്പെട്ട എംപിമാർ ഇന്ന് പാര്‍ലമെൻറ് വളപ്പില്‍ നിന്ന് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. നാളെ ദില്ലിയിലെ ജന്തർ മന്ദറില്‍ ഇന്ത്യ സഖ്യ നേതാക്കളും എംപിമാരും ധർണ നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam