
ദില്ലി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ നടക്കും. അവധി ദിനങ്ങൾ ഒഴിവാക്കിയാൽ 15 ദിവസം മാത്രമാണ് സഭ സമ്മേളിക്കുന്നത്. സഭാ സമ്മേളനത്തിന്‍റെ കാലാവധി വെട്ടിചുരുക്കിയതിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രതിപക്ഷം. വഴിപാട് സമ്മേളനമെന്നും, കേന്ദ്ര സര്‍ക്കാര്‍ ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘത്തിനും "പാർലമെൻ്റോഫോബിയ" എന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ പരിഹാസം.
ബിഹാർ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നടക്കുന്നതിനാൽ തന്നെ ശീതകാല സമ്മേളനം ചൂടേറിയ ചർച്ചകൾക്ക് വേദിയാകുമെന്നാണ് കരുതുന്നത്. ഹരിയാന തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം രാഹുൽ ഗാന്ധി പുറത്തുവിട്ട പശ്ചാത്തലത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലുമാണ് ശീതകാല സമ്മേളനം നടക്കുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ 130ാം ഭേദഗതി ബിൽ 2025, കേന്ദ്രഭരണ പ്രദേശങ്ങളുടെ സർക്കാർ ഭേദഗതി ബിൽ 2025, ജമ്മു കശ്‌മീർ പുനഃസംഘടനാ ഭേദഗതി ബിൽ 2025 തുടങ്ങിയവ ഇത്തവണ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ജൂലൈ 21 മുതൽ ഓഗസ്റ്റ് 21 വരെയാണ് പാർലമെൻ്റിൻ്റെ മൺസൂൺ സെഷൻ നടന്നത്. 32 ദിവസങ്ങൾക്കിടെ 21 സെഷനുകളിൽ മാത്രമാണ് സഭ സമ്മേളിച്ചത്. ഈ സമയത്ത് 15 ബില്ലുകളാണ് പാസാക്കിയത്. പക്ഷെ സഭാ സമ്മേളനത്തിനായി നിശ്ചയിച്ച മൂന്നിൽ രണ്ട് സമയവും പ്രതിപക്ഷ പ്രതിഷേധം മൂലം തടസപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam