കൊവിഡ് 19: യാത്രക്കാരില്ലാതെ അന്തര്‍ സംസ്ഥാന കെഎസ്ആർടിസി സര്‍വ്വീസുകള്‍, പലതും റദ്ദാക്കി

By Web TeamFirst Published Mar 12, 2020, 5:18 PM IST
Highlights

കെഎസ്ആർടിസിയുടെ അന്തർ സംസ്ഥാന സർവീസുകളിൽ യാത്രക്കാർ കുത്തനെ കുറഞ്ഞു. ആളില്ലാതായതോടെ ബെംഗളൂരുവിൽ നിന്നുളള നാലിലൊന്ന് സർവീസുകളും റദ്ദാക്കി.

ബംഗളൂരു: കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ കെഎസ്ആർടിസിയുടെ അന്തർ സംസ്ഥാന സർവീസുകളിൽ യാത്രക്കാർ കുത്തനെ കുറഞ്ഞു. ആളില്ലാതായതോടെ ബെംഗളൂരുവിൽ നിന്നുളള നാലിലൊന്ന് സർവീസുകളും റദ്ദാക്കി. കർണാടക ആർടിസിയുടെ ബുക്കിങ്ങിലും ഇടിവുണ്ട്.

തിരക്കൊഴിഞ്ഞ നേരമില്ലാത്ത ബെംഗളൂരുവിലെ സാറ്റലൈറ്റ് ബസ്റ്റാന്‍റ് ഇപ്പോള്‍ ഏറെക്കുറെ ശൂന്യമാണ്. ഒഴിഞ്ഞ കസേരകളും ആളില്ലാ ബസുകളുമാണ് ഇവിടെ കാണാനാവുക. കേരളത്തിലും ബെംഗളൂരുവിലും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്ഥിതി ഇങ്ങനെയായത്. നഷ്ടമധികവും കേരള ആർടിസിക്കാണ്. വാരാന്ത്യമായിട്ടുപോലും യാത്രക്കാരില്ല. അമ്പത് ശതമാനത്തോളമാണ് കുറവ്. ആകെയുളള 48ൽ 12 സർവീസ് ഇന്ന് മാത്രം റദ്ദാക്കി. ഇന്നലെ ഓടാതിരുന്നത് പത്തെണ്ണമാണ്.

അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയ ശേഷമാണ് കർണാടക ആർടിസി സർവീസുകള്‍ എങ്കിലും കൊവിഡ് പേടിയിൽ ബസുകൾ ശൂന്യമാണ്. അന്തർ സംസ്ഥാന സർവീസുകളിൽ 20 ശതമാനം ബുക്കിങ് കുറഞ്ഞു.

വിമാനത്താവളത്തിലും ആളെത്തുന്നില്ല. ടിക്കറ്റ് നിരക്കും കൂപ്പുകുത്തി. കൊച്ചിയിലേക്ക് 1422 രൂപയാണ് വ്യാഴാഴ്ച ഏറ്റവും കുറഞ്ഞ നിരക്ക്. സാധാരണ മൂവായിരത്തിന് മുകളിൽ ഈടാക്കിയിരുന്ന സ്ഥാനത്താണിത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 


 

click me!