
നൂഹ്: പശുമോഷണം ആരോപിച്ച് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി പിതാവ് കൊല്ലപ്പെട്ട കേസിൽ, ഘാതകരെ കോടതി വെറുതെ വിട്ടതിന് പിന്നാലെ ഹൃദയം പൊട്ടുന്ന ചോദ്യവുമായി പെഹ്ലു ഖാന്‍റെ മകന്‍ ഇര്‍ഷാദ്. 2017 ഏപ്രിൽ ഒന്നിനാണ് ഗോരക്ഷകർ എന്നവകാശപ്പെടുന്നവർ രാജസ്ഥാനിലെ അൽവാർ സ്വദേശിയായ പെഹ്‌ലു ഖാൻ എന്ന അമ്പത്തഞ്ചു വയസുകാരനെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്.
നിഷ്‌ഠൂരമായ കൊലപാതകം നടന്നിട്ട് രണ്ടു രണ്ടര വർഷം കഴിഞ്ഞ് 2019 ഓഗസ്റ്റ് 14നാണ് കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. ഇപ്പോള്‍ ഇങ്ങനെ ഒരു വിധി വന്ന ശേഷം തങ്ങളുടെ കുടുംബം തകര്‍ന്ന അവസ്ഥയിലാണെന്ന് പെഹ്‌ലു ഖാന്‍റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു.
ആരാണ് പിന്നെ തന്‍റെ അച്ഛനെ കൊലപ്പെടുത്തിയതെന്ന ചോദ്യമാണ് ഇര്‍ഷാദ് ഉന്നയിക്കുന്നത്. പശു കടത്തുകാരനെന്ന നിലയില്‍ പെഹ്ലു ഖാന്‍ ആക്രമിക്കപ്പെടുന്ന സംഭവം ഓര്‍ക്കുമ്പോള്‍ ഇന്നും ഭയപ്പെടുകയാണെന്നും ഇര്‍ഷാദ് പറഞ്ഞു. കേസില്‍ തന്‍റെ അച്ഛനെ കൊന്നവര്‍ക്ക് ജീവപര്യന്തമോ 20 വര്‍ഷം എങ്കിലും തടവോ ലഭിക്കുമെന്ന് ഉറപ്പായിരുന്നു.
പക്ഷേ, ഈ വിധി തങ്ങളെ ഏറെ തകര്‍ത്തിരിക്കുന്നു. ഇപ്പോള്‍ കോടതി വെറുതെ വിട്ടവരുടെ കെെകള്‍ കൊണ്ട് തന്‍റെ അച്ഛന്‍ മര്‍ദനമേല്‍ക്കുന്നത് കണ്ടയാളാണ് താന്‍. അതില്‍ ഒരാള്‍ തന്‍റെ അച്ഛനെ കൊലപ്പെടുത്തിയെന്ന് സ്വയം സമ്മതിച്ചതുമാണ്. പക്ഷേ എന്ത് കൊണ്ട് പൊലീസിന് തെളിവുണ്ടാക്കാനായില്ല? തന്‍റെ അച്ഛന്‍ സ്വയം മരിക്കുകയായിരുന്നോ? അദ്ദേഹം സ്വയം കൊലപ്പെടുത്തുകയായിരുന്നോ? എന്നീ ചോദ്യങ്ങള്‍ ഇര്‍ഷാദ് ഉന്നയിച്ചു.
കുറഞ്ഞ പക്ഷം ആരാണ് തന്‍റെ അച്ഛന്‍റെ കൊലപാതകികള്‍ എന്നെങ്കിലും പറയണമെന്നും ഇര്‍ഷാദ് ആവശ്യപ്പെട്ടു. ജയ്പൂരിൽ നടന്ന കന്നുകാലി മേളയിൽ നിന്നും പെഹ്‌ലു ഖാനും അനുയായികളും ചേർന്ന് 75,000 രൂപ കൊടുത്ത് കറവയുള്ള രണ്ടു പശുക്കളെ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
പശുക്കളെ വണ്ടിയിൽ കയറ്റി NH-8 വഴി ഹരിയാനയിലെ നൂഹ് ജില്ലയിലേക്ക് കൊണ്ടുപോകുകയായിരുന്നു അവർ. ബഹ്റോഡ് പൊലീസിന്റെ എഫ്‌ഐആർ പ്രകാരം അൽവാർ ജില്ലയിലെ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗി ദളിന്റെയും പ്രവർത്തകർ ചേർന്ന് ഇവരെ തടഞ്ഞു.
അക്രമിസംഘം പെഹ്‌ലുഖാൻ നിയമ വിരുദ്ധമായി പശുക്കടത്തു നടത്തുകയാണ് എന്നാരോപിച്ച് സംഘത്തിലുണ്ടായിരുന്ന എല്ലാവരെയും പൊതിരെ തല്ലി. വൈകുന്നേരം ആറുമണിയോടെയാണ് വാഹനം അക്രമികൾ തടയുന്നത്. പെഹ്‌ലു ഖാൻ തികച്ചും നിയമവിധേയമായ മാർഗ്ഗത്തിലാണ് പശുക്കളെ വാങ്ങിയത്.
അവ കറവയുള്ള പശുക്കളും ആയിരുന്നു. വണ്ടി തടഞ്ഞ അക്രമികൾ ആദ്യം തന്നെ എല്ലാവരുടെയും പേരാണ് ചോദിച്ചത്. എന്നിട്ട് വാഹനം ഓടിച്ചിരുന്ന അർജുൻ എന്ന യുവാവിനെ ഉപദ്രവിക്കാതെ വെറുതെ വിടുകയും ചെയ്തു. തുടർന്നാണ് അവർ ബാക്കിയുണ്ടായിരുന്ന പെഹ്‌ലു ഖാൻ അടക്കമുള്ളവരെ നിർദ്ദയം തല്ലിച്ചതച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam