'കര്‍ണാടകയില്‍ ജനം കോണ്‍ഗ്രസിനെ തെരഞ്ഞെടുത്തത് വേറെ വഴിയില്ലാത്തതിനാല്‍'; കെ. കവിത

Published : Nov 24, 2023, 09:35 AM ISTUpdated : Nov 24, 2023, 09:56 AM IST
'കര്‍ണാടകയില്‍ ജനം കോണ്‍ഗ്രസിനെ തെരഞ്ഞെടുത്തത് വേറെ വഴിയില്ലാത്തതിനാല്‍'; കെ. കവിത

Synopsis

ദേശീയപാർട്ടിയെന്ന നിലയിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് വളരാൻ വലിയ പദ്ധതി കെസിആറിന്‍റെ മനസ്സിലുണ്ടെന്നും കെ കവിത വ്യക്തമാക്കുന്നു.

ബം​ഗളൂരു: തെലങ്കാനയിൽ ഇത്തവണ ബിആർഎസ് ലക്ഷ്യമിടുന്നത് സെഞ്ച്വറിയെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകളും എംഎൽസിയുമായ കെ കവിത ഏഷ്യാനെറ്റ് ന്യൂസിനോട്. എഐഎംഐഎം ഉം ഒവൈസിയുമായി എന്നും ബിആർഎസ് സൗഹൃദം കാത്തുസൂക്ഷിച്ചിട്ടുണ്ട്. ദേശീയപാർട്ടിയെന്ന നിലയിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് വളരാൻ വലിയ പദ്ധതി കെസിആറിന്‍റെ മനസ്സിലുണ്ടെന്നും കെ കവിത വ്യക്തമാക്കുന്നു.

തെലങ്കാനയുടെ ഗ്രാമീണ മേഖലകളിൽ, വിശേഷിച്ച് നിസാമാബാദ് അടക്കമുള്ള മേഖലകൾ കേന്ദ്രീകരിച്ച് പ്രചാരണം തുടരുകയാണ്. എന്താണ് ഗ്രൗണ്ടിലെ പൾസ്?

മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വീണ്ടും കെസിആർ അധികാരത്തിൽ വരും. കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ സീറ്റുകളാണ് ഇത്തവണ ബിആർഎസ് പ്രതീക്ഷിക്കുന്നത്. 

താങ്കളുടെ സഹോദരൻ കെടിആറിനെ കണ്ടപ്പോൾ 88 പ്ലസ് സീറ്റുകൾ എന്നാണ് പറഞ്ഞത്.

അദ്ദേഹത്തിന്‍റെ വാക്കുകൾ തള്ളിക്കളയാനാകില്ലല്ലോ. പക്ഷേ ഞാൻ പ്രതീക്ഷിക്കുന്നത് ഒരു സെഞ്ച്വറിയാണ്.

വനിതാ സംവരണത്തിന് വേണ്ടി എന്നും ശബ്ദമുയർത്തിയ ആളാണ് താങ്കൾ. പക്ഷേ ബിആർഎസ് ഇത്തവണ 119 സീറ്റുകളിൽ ആകെ മത്സരിക്കാൻ അവസരം നൽകിയത് ഏഴ് സ്ത്രീകൾക്കാണ്.

ഏത് പാർട്ടിയും അങ്ങനെയല്ലേ. കേരളത്തിൽ നിന്ന് വരുന്നത് കൊണ്ട് നിങ്ങൾക്കറിയാമല്ലോ. സിപിഎമ്മിന്‍റെ ഉന്നത സ്ഥാനങ്ങളിലോ സർക്കാരിന്‍റെ പ്രധാന പദവികളിലോ സ്ത്രീകളുണ്ടോ? ബിആർഎസ്സിലും ആ പാട്രിയാർക്കൽ മനോഭാവമുണ്ട്. പക്ഷേ അതിനെതിരെ എന്നും ഞങ്ങൾ പോരാടിയിട്ടുണ്ട്. 2014-ൽ അധികാരത്തിലേറിയത് മുതൽ ബിആർഎസ്സിന്‍റെ നിലപാട് 33% സംവരണം വേണമെന്നതാണ്. ഒരു സർക്കാർ നയം തീരുമാനിച്ചത് കൊണ്ടായില്ല. അതിന് ഭരണഘടനാപരമായ അടിത്തറ വേണം. അതിനാണ് നിയമത്തിന് വേണ്ടി പോരാടിയത്. പക്ഷേ ഇപ്പോൾ പാസ്സായ ബിൽ പോസ്റ്റ് ഡേറ്റഡ് ചെക്ക് പോലെയാണ്. അത് മണ്ഡലപുനർനിർണയത്തിലും സെൻസസിലും ഒബിസി സംവരണത്തിലും തട്ടി തടസ്സപ്പെടാനാണ് സാധ്യത. വനിതാസംവരണത്തിനായുള്ള പോരാട്ടം തുടരും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും. 

പല പോൾ സർവേകളും കോൺഗ്രസും ബിആർഎസ്സും തമ്മിലുള്ള വോട്ട് വിഹിതത്തിൽ ഇത്തവണ വളരെക്കുറച്ച് അന്തരം മാത്രമേ ഉണ്ടാകൂ എന്ന് പ്രവചിക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും അത്തരം പല സർവേകളും വന്നതല്ലേ. എന്നിട്ടും ഞങ്ങൾ വിജയിച്ചത് വലിയ മാർജിനോട് കൂടിയാണ്. അത് ഇത്തവണയും ആവർത്തിക്കും. 

കർണാടകയിൽ കോൺഗ്രസ് നൽകിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സ്ത്രീകളെ വലിയ രീതിയിൽ ആകർഷിച്ചതാണ്. തെലങ്കാനയിലും അത് സംഭവിക്കുമോ?

കർണാടകയിൽ ബിജെപിയിലെ അഴിമതിയിലും തമ്മിലടിയിലും മടുത്ത ജനം വേറെ വഴിയില്ലാതെയാണ് കോൺഗ്രസിന് വോട്ട് ചെയ്തത്. തെലങ്കാനയിൽ അതല്ല സ്ഥിതി. ഇവിടെ സ്ഥിരതയുള്ള സർക്കാരും വികസനവുമുണ്ട്. അതിൽ ജനം വിശ്വസിക്കുന്നു. കടുത്ത തമ്മിലടിയുള്ള കോൺഗ്രസിനെ അധികാരത്തിലെത്തിച്ചാൽ അവർ ജനങ്ങളെപ്പറ്റി ചിന്തിക്കില്ലെന്നുറപ്പല്ലേ.

ബിആർഎസ്സും കോൺഗ്രസും തമ്മിൽ രഹസ്യ സഖ്യമുണ്ടെന്നും എഐഎംഐഎം ഇതിൽ ഇടനിലക്കാരാണെന്നുമാണ് ബിജെപിയുടെ ആരോപണം. 

ബിആർഎസ്സും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടെന്ന് ബിജെപിയും ആരോപിക്കുകയല്ലേ. എഐഎംഐഎമ്മുമായി ബിആർഎസ്സ് എന്നും സൗഹൃദം കാത്തുസൂക്ഷിച്ചിട്ടുണ്ട്. സഖ്യമില്ലെങ്കിലും. അത് തുടരും. അതിൽ തെറ്റില്ല.

അടുത്ത പത്ത് വർഷത്തിന് ശേഷം ബിആർഎസ്സിനെ താങ്കൾ കാണുന്നത് എവിടെയാണ്? നിങ്ങൾ ഒരു ദേശീയപാർട്ടിയാകാനാണല്ലോ ലക്ഷ്യമിടുന്നത്. 

താഴേത്തട്ട് മുതലുള്ള വികസനത്തിന് തെലങ്കാന മുന്നോട്ട് വച്ച ഒരു മാതൃകയുണ്ട്. പത്ത് വർഷത്തിനകം വലിയ വികസനം കൊണ്ട് വന്ന മാതൃക. അത് രാജ്യമാകെ നടപ്പാക്കിയാൽ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിലേക്ക് ഇന്ത്യ എത്തും. ഈ ആശയം മുന്നോട്ട് വച്ചാണ് ബിആർഎസ് ഒരു ദേശീയപാർട്ടിയാകാൻ ഒരുങ്ങുന്നത്. ആദ്യം മഹാരാഷ്ട്രയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഡിസംബർ‍ 3-ന് തെലങ്കാനയിൽ സർക്കാർ രൂപീകരിച്ച ശേഷം ദേശീയരാഷ്ട്രീയത്തിൽ പ്രധാനപ്പെട്ട പല തീരുമാനങ്ങളിലും ബിആർഎസ്സുണ്ടാവും. ദേശീയതലത്തിൽ വളരാൻ വലിയ പദ്ധതി തന്നെ കെസിആറിന്‍റെ മനസ്സിലുണ്ട്. അത് സമയമാകുമ്പോൾ അറിയിക്കും.

നിസാമാബാദ് കേന്ദ്രീകരിച്ചാണല്ലോ പ്രവർത്തിക്കുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് മത്സരിക്കുമോ?

പാർട്ടിയിൽ പല പദവികൾ ഞാൻ വഹിക്കുന്നുണ്ട്. തീർച്ചയായും നിസാമാബാദ് ഞങ്ങളുടെ ജന്മനാടാണ്. ഇവിടെ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ ഞാനാഗ്രഹിക്കുന്നുണ്ട്. അന്തിമതീരുമാനം പാർട്ടിയുടേതായിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ
'ചുംബിക്കുന്നത് സഹപ്രവർത്തകയെ, വീഡിയോ 8 വർഷം മുമ്പുള്ളത്?', ഡിജിപിയുടെ അശ്ലീല വീഡിയോ പകർത്തിയത് ഒളിക്യാമറയിലെന്ന് സൂചന