വീട്ടുതടങ്കലില്‍ കഴിയുന്ന മെഹബൂബ മുഫ്തിയെ കാണാന്‍ അനുമതി നിഷേധിച്ചതായി പിഡിപി നേതാക്കള്‍

By Web TeamFirst Published Oct 30, 2019, 9:27 AM IST
Highlights

സന്ദർശനാനുമതി തേടി ഭരണകൂടത്തെ സമീപിച്ചപ്പോൾ ഔദ്യോ​ഗികമായ ഒരു പ്രതികരണവും ലഭിച്ചിരുന്നില്ലെന്ന് മുതിർന്ന പിഡിപി നേതാവും മുൻ എംഎൽഎയുമായ വേദ് മ​ഹാജൻ പറഞ്ഞു. 

ശ്രീന​ഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്രമങ്ങളോട് അനുബന്ധിച്ച് വീട്ടുതടങ്കലില്‍ കഴിയുന്ന പിഡിപി നേതാവും ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയെ സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചതായി പാർട്ടി നേതാക്കൾ. ഇതേത്തുടർന്ന് സന്ദർശനാനുമതി തേടി പിഡിപി നേതാക്കൾ ശ്രീന​ഗർ ഡെപ്യൂട്ടി കമ്മീഷ്ണർക്ക് കത്തയച്ചു. ഒക്ടോബർ 30ന് മെഹ്ബൂബയെ കാണാനുള്ള അനുമതി നൽകണമെന്നാണ് നേതാക്കൾ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സന്ദർശനാനുമതി തേടി ഭരണകൂടത്തെ സമീപിച്ചപ്പോൾ ഔദ്യോ​ഗികമായ ഒരു പ്രതികരണവും ലഭിച്ചിരുന്നില്ലെന്ന് മുതിർന്ന പിഡിപി നേതാവും മുൻ എംഎൽഎയുമായ വേദ് മ​ഹാജൻ പറഞ്ഞു. അതേസമയം,  ഈ മാസം ആറിന് പത്ത് പിഡിപി നേതാക്കൾക്ക് മെഹബൂബ മുഫ്തിയെ കാണാനുള്ള അനുമതി ലഭിച്ചിരുന്നു. ഫാറൂഖ് അബ്ദുള്ളയെയും ഒമര്‍ അബ്ദുള്ളയെയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി സംഘം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയെ സന്ദര്‍ശിക്കാന്‍ പിഡിപി നേതാക്കള്‍ക്ക് അനുമതി ലഭിച്ചിരുന്നത്.

Read More:വീട്ടുതടങ്കലില്‍ കഴിയുന്ന മെഹബൂബ മുഫ്തിയെ കാണാന്‍ പിഡിപി നേതാക്കള്‍ക്ക് അനുമതി

കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതല്‍ മെഹബൂബ മുഫ്തി ഉൾപ്പടെ നാല് പേർ വീട്ടുതടങ്കലിൽ കഴിയുകയാണ്. കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള മന്ത്രി സജ്ജത് ഗാനി ലോൺ എന്നിവരാണ് വീട്ടുതടങ്കലിൽ തുടരുന്നത്. അതിനിടെ, വീട്ടുതടങ്കലിൽ കഴി‍ഞ്ഞിരുന്ന‌   നാഷണൽ കോൺഫറൻസ് നേതാക്കളായ ദേവേന്ദര്‍ റാണ, എസ് എസ് സാലഥിയ, കോൺഗ്രസ് നേതാവ് രമൺ ഭല്ല, ജമ്മു കശ്മീര്‍ നാഷണൽ പാന്തേഴ്സ് പാര്‍ട്ടി നേതാവ് ഹര്‍ഷ്‍‍ദേവ് സിങ് തുടങ്ങിയ നേതാക്കളെ മോചിപ്പിച്ചിരുന്നു. രണ്ടുമാസത്തെ വീട്ടുതടങ്കലിന് ശേഷമാണ് ഇവരെ വിട്ടയക്കുന്നത്. 
 

click me!