യുഎൻ വേദിയിൽ പാക് പ്രധാനമന്ത്രിക്ക് ചുട്ട മറുപടി നൽകിയ ഇന്ത്യൻ നയതന്ത്രജ്ഞ, പെറ്റൽ ഗഹ്‌ലോട്ടിനെ അറിയാം

Published : Sep 27, 2025, 09:50 PM IST
petal

Synopsis

ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസംഗത്തിന് ചുട്ട മറുപടി നൽകിയ  ഇന്ത്യൻ നയതന്ത്രജ്ഞ. പെറ്റൽ ഗഹ്‌ലോട്ടിനെ അറിയാം 

ക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസംഗത്തിന് ചുട്ട മറുപടി നൽകിയ പെറ്റൽ ഗഹ്‌ലോട്ട് എന്ന ഇന്ത്യൻ നയതന്ത്രജ്ഞ രാജ്യത്തികത്തും പുറത്തും വലിയ ശ്രദ്ധ നേടുകയാണ്. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയായ പെറ്റൽ ഗഹ്‌ലോട്ട്, പാകിസ്ഥാന്റെ ഭീകരവാദ നിലപാടുകളെ തുറന്നുകാട്ടിയും 'ഓപ്പറേഷൻ സിന്ദൂർ' സംബന്ധിച്ച പാകിസ്ഥാന്റെ തെറ്റായ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞും നടത്തിയ പ്രസംഗമാണ് വലിയ ചർച്ചയായത്. വ്യക്തവും ശക്തവുമായ നിലപാട് കൊണ്ട് ശ്രദ്ധേയമായ പെറ്റൽ ഗഹ്‌ലോട്ട് യുഎൻ വേദിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ "അസംബന്ധ നാടകങ്ങളെ" നേരിട്ടതെങ്ങനെ…

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്?

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയായ പെറ്റൽ ഗഹ്‌ലോട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് ശക്തമായ മറുപടി നൽകിയതോടെയാണ് രാജ്യത്തിന്റെ നയതന്ത്ര പ്രതിരോധത്തിന്റെ മുഖമായി മാറിയത്. യുഎൻ ജനറൽ അസംബ്ലിയിൽ ഇന്ത്യയ്ക്ക് വേണ്ടി മറുപടി പറഞ്ഞ ഗഹ്‌ലോട്ട്, ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ചും രണ്ട് ആണവ ശക്തികൾ തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ചുമുള്ള ഷെരീഫിന്റെ വാദങ്ങളെ തകർത്തെറിഞ്ഞു.

2023 ജൂലൈയിലാണ് പെറ്റൽ ഗഹ്‌ലോട്ട് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിൽ ഫസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റത്. 2024 സെപ്റ്റംബറിൽ യുഎന്നിൽ അഡ്വൈസറായും നിയമിതയായി. അതിനും മുമ്പ് 2020 ജൂൺ മുതൽ 2023 ജൂലൈ വരെ വിദേശകാര്യ മന്ത്രാലയത്തിന്റെ യൂറോപ്യൻ വെസ്റ്റ് ഡിവിഷനിൽ അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഈ കാലയളവിൽ പാരീസിലെയും സാൻ ഫ്രാൻസിസ്കോയിലെയും ഇന്ത്യൻ മിഷനുകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.

പാകിസ്ഥാനുള്ള പെറ്റൽ ഗഹ്‌ലോട്ടിന്റെ കടുത്ത മറുപടി

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ മറുപടി അവകാശം വിനിയോഗിച്ചുകൊണ്ട്, ഭീകരവാദ സംഘടനകൾക്ക് സംരക്ഷണം നൽകുകയും പരാജയത്തെ വിജയമായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചാണ് ഗഹ്‌ലോട്ട് ശ്രദ്ധ നേടിയത്. 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് പാകിസ്ഥാൻ വ്യോമത്താവളങ്ങൾക്ക് ഇന്ത്യൻ ആക്രമണത്തിൽ കനത്ത നാശനഷ്ടം സംഭവിച്ചതിനെത്തുടർന്ന് ശത്രുത അവസാനിപ്പിക്കണമെന്ന് പാകിസ്ഥാൻ സൈന്യം ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നുവെന്ന് അവർ ഐക്യരാഷ്ട്ര സഭയെ ഓർമ്മിപ്പിച്ചു.

പാകിസ്ഥാനിലെ നശിക്കപ്പെട്ട റൺവേകളും മറ്റും പാകിസ്ഥാന് വിജയമായി തോന്നുന്നുണ്ടെങ്കിൽ, പാക് പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ, പാകിസ്ഥാന് അത് ആസ്വദിക്കാവുന്നതാണ് എന്ന് ഗഹ്‌ലോട്ട് മറുപടിയായി പറഞ്ഞു. ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിൽ 26 സിവിലിയൻമാരെ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രവർത്തിച്ച 'ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ' യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാൻ സംരക്ഷിക്കാൻ ശ്രമിച്ചതും അവർ എടുത്തുപറഞ്ഞു. ആഗോള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ പങ്കാളിയാണെന്ന് നടിക്കുമ്പോഴും ഒരു പതിറ്റാണ്ടോളം ഒസാമ ബിൻ ലാദന് അഭയം നൽകിയത് ഓർമ്മിപ്പിച്ചുകൊണ്ട്, ഇസ്‌ലാമാബാദ് ഭീകരതയെ കയറ്റുമതി ചെയ്യുകയാണെന്നും അവർ ആരോപിച്ചു.

പെറ്റൽ ഗഹ്‌ലോട്ടിന്റെ അക്കാദമിക് പശ്ചാത്തലം

മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന്  പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഫ്രഞ്ച് സാഹിത്യം എന്നിവയിൽ ബിരുദം നേടി. തുടർന്ന്, 2010 മുതൽ 2012 വരെ ഡൽഹിയിലെ ലേഡി ശ്രീ റാം കോളേജ് ഫോർ വിമൻ-ൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. പിന്നീട്, 2018 മുതൽ 2020 വരെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ മൊണ്ടെറിയിലെ മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ നിന്ന് ലാംഗ്വേജ് ഇന്റർപ്രെട്ടേഷൻ ആൻഡ് ട്രാൻസ്ലേഷനിൽ ബിരുദാനന്തര ബിരുദവും നേടി.  

അന്താരാഷ്ട്ര വേദികളിൽ, തണുപ്പൻ പ്രതികരണങ്ങളിൽ ഒതുങ്ങാതെ ആവശ്യമായ സന്ദർഭങ്ങളിൽ തീവ്രവും മൂർച്ചയേറിയതുമായ മറുപടികൾ നൽകാനുള്ള ഇന്ത്യയുടെ പുതിയ നയതന്ത്ര ശൈലിയെയാണ് ഗഹ്‌ലോട്ട് പ്രതിനിധീകരിക്കുന്നത്. വ്യക്തതയും ശക്തമായ നിലപാടും കൊണ്ട് ശ്രദ്ധേയമായ ഗഹ്‌ലോട്ടിന്റെ വാക്കുകൾ, യുഎൻ വേദിയിൽ ഇന്ത്യയുടെ വളർന്നു വരുന്ന സ്ത്രീശക്തിയുടെയും നയതന്ത്രജ്ഞതയുടെയും മുഖമായാണ് വിലയിരുത്തപ്പെടുന്നത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി