
ദില്ലി: ഇന്ത്യയിൽ പെട്രോൾ ലിറ്റർ 15 രൂപയാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഢിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഇന്ധനോപയോഗം ശരാശരി 60 ശതമാനം എഥനോളും 40ശതമാനം വൈദ്യുതിയുമായാൽ പെട്രോൾ ഉപയോഗം കുറയുമെന്നും വില താഴേക്ക് പോകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കർഷകരെ അന്നദാതാവായിട്ട് മാത്രമല്ല ഈ സർക്കാർ കാണുന്നത്. ഊർജദാതാവായിട്ടും കർഷകരെ പരിഗണിക്കുന്നു. ഇന്ധനോപയോഗം ശരാശരി 60 ശതമാനം എഥനോളും 40ശതമാനം വൈദ്യുതിയുമായാൽ പെട്രോൾ ഉപയോഗം കുറയും വില താഴേക്ക് പോകുമെന്നും അതിന്റെ ഗുണം സാധാരണക്കാർക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ധന ഇറക്കുമതി 16 ലക്ഷം കോടിയുടേതാണ് ഇപ്പോൾ നടക്കുന്നത്. ഇത് ഗണ്യമായി കുറയും. ഈ പണം കർഷകരുടെ വീടുകളിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എഥനോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉടൻ നിരത്തിലിറക്കുമെന്ന് ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. മേഴ്സിഡസ് ബെൻസ് ചെയർമാനുമായി നടത്തിയ ചർച്ചയിൽ ഉടൻ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുന്ന കാര്യം അദ്ദേഹം പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയതായും മന്ത്രി വ്യക്തമാക്കി. എഥനോളിൽ പ്രവർത്തിക്കുന്ന കാറുകൾ ഉടൻ ബെൻസ് പുറത്തിറക്കുമെന്നും ബജാജ്, ടിവിഎസ് കമ്പനികളും എഥനോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.