മൂന്ന് വർഷം മുമ്പ് കാണാതായ വ്യക്തിയുടെ ഫോട്ടോ സർക്കാർ പരസ്യത്തിൽ; കണ്ടെത്താൻ പൊലീസിനെ സമീപിച്ച് കുടുംബം

Published : Jul 22, 2024, 09:10 PM IST
മൂന്ന് വർഷം മുമ്പ് കാണാതായ വ്യക്തിയുടെ ഫോട്ടോ സർക്കാർ പരസ്യത്തിൽ; കണ്ടെത്താൻ പൊലീസിനെ സമീപിച്ച് കുടുംബം

Synopsis

കാണാതായ വ്യക്തിയുടെ മകന്റെ സുഹൃത്തുക്കളാണ് ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് കുടുംബത്തെ വിവരം അറിയിച്ചത്. ഈ ഫോട്ടോ എവിടെ നിന്ന് എടുത്തു എന്ന് അറിയിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം 

പൂനെ: മൂന്ന് വർഷം മുമ്പ് കാണാതായ ആളുടെ ചിത്രം സർക്കാർ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസിനെ സമീപിച്ച് കുടുംബം. പൂനെയിലാണ് സംഭവം. സംസ്ഥാന സർക്കാർ പദ്ധതിയായ  തീർത്ഥ് ദർശൻ യോജനയുടെ പ്രചരണത്തിനായി സാമൂഹിക മാധ്യമങ്ങളിൽ അപ്ഡലോഡ് ചെയ്ത പരസ്യത്തിലെ ചിത്രമാണ് കാണാതായ വ്യക്തിയുടെ കുടുംബത്തിന് പ്രതീക്ഷയായി മാറിയത്. 

പൂനൈ സ്വദേശിയായ 68 വയസുകാരൻ ധ്യാനേശ്വർ താംബെയുടെ ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിൽ പ്രസിദ്ധീകരിച്ച പരസ്യത്തിലുള്ളത്. പരസ്യത്തിൽ വ്യക്തമായി കാണാവുന്ന തരത്തിലുള്ള വലിയ ചിത്രമാണുള്ളത്.  ധ്യാനേശ്വർ താംബെയെ മൂന്ന് വർഷം മുമ്പ് കാണാതായതാണ്. പരസ്യം കണ്ട സുഹൃത്തുക്കളിൽ ചിലർ അദ്ദേഹത്തിന്റെ മകനായ ഭരത് താംബെയെ വിവരം അറിയിച്ചു. അദ്ദേഹമാണ് പൊലീസിന്റെ സഹായം തേടിയത്. 

ഈ ഫോട്ടോ എവിടെ നിന്ന് എടുത്തതാണെന്ന വിവരം സർക്കാറിൽ നിന്ന് ലഭ്യമാക്കണമെന്നും അത് ഉപയോഗിച്ച് കാണാതായ വ്യക്തിയെ കണ്ടെത്തി കുടുംബത്തോടൊപ്പം കൂട്ടിച്ചേർക്കാനാവും എന്നുമാണ് അഭ്യർത്ഥന. താംബെയെ കാണാതായെന്ന് കാണിച്ച് പരസ്യ ചിത്രം വന്നതിന് പിന്നാലെ, മകൻ പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇപ്പോൾ ഈ പരസ്യം ഡിലീറ്റ് ചെയ്തുവെന്നും കുടുംബം ആരോപിക്കുന്നു.

ധ്യാനേശ്വർ താംബെയെ കാണാതായ സമയത്ത് കുടുംബാംഗങ്ങളാരും പരാതി നൽകിയിരുന്നില്ല. വീട്ടിൽ ആരോടും പറയാതെ ചില ബന്ധു വീടുകളിൽ പോയി താമസിക്കുന്ന ശീലമുണ്ടായിരുന്നതിനാണ് അന്ന് പരാതി നൽകാതിരുന്നതെന്നാണ് ഇതിനുള്ള വിശദീകരണം. ഒരു മത ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള ഫോട്ടോയാവാം ഇതെന്നും കുടുംബാംഗങ്ങൾ അനുമാനിക്കുന്നു.

അതേസമയം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട ആളിനെ കുറിച്ച് അന്വേഷിക്കാൻ രണ്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പരസ്യത്തിൽ എങ്ങനെ ഈ ചിത്രം വന്നു എന്നതുൾപ്പെടെ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം ഇത്തരമൊരു പരസ്യം സർക്കാർ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത് അല്ലെന്നും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൊന്നും ഇത് നൽകിയിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം
നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'