പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Web Desk   | Asianet News
Published : Feb 22, 2021, 06:56 PM IST
പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Synopsis

ജനാധിപത്യത്തെ വിൽപ്പനയ്ക്ക് വെച്ചവരും വിലയ്ക്ക് വാങ്ങാൻ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയിൽ അരങ്ങേറിയത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ലജ്‌ജാകരമായ ഒരു അധ്യായമാണത്. 

തിരുവനന്തപുരം: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസിന് ഭരണമുണ്ടായിരുന്ന ഏക സ്ഥലത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ സംബന്ധിച്ച് പ്രതികരിച്ചത്. ജനാധിപത്യത്തെ വിൽപ്പനയ്ക്ക് വെച്ചവരും വിലയ്ക്ക് വാങ്ങാൻ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയിൽ അരങ്ങേറിയത് എന്നാണ് പിണറായി പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ജനാധിപത്യത്തെ വിൽപ്പനയ്ക്ക് വെച്ചവരും വിലയ്ക്ക് വാങ്ങാൻ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയിൽ അരങ്ങേറിയത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ലജ്‌ജാകരമായ ഒരു അധ്യായമാണത്. കോൺഗ്രസ്സിനെ ബിജെപി വിലപേശി വാങ്ങുകയാണ്. കോൺഗ്രസ്സിൽ വേരുറച്ചു പോയ മൂല്യച്യുതികളേയും സംഘടനാപരമായ അപചയത്തേയും മുതലെടുത്ത് ബിജെപി നടത്തുന്ന അധികാരക്കൊയ്ത്ത് തുടർക്കഥയായി മാറിക്കഴിഞ്ഞു.  

വർഗീയതയെയും പണാധിപത്യത്തെയും ജനാധിപത്യത്തിന് പകരം വെക്കുന്ന അപകടകരമായ കളിയാണ് ബിജെപിയുടേത്. ജനഹിതത്തെ അട്ടിമറിക്കുന്നത് അവർ ശീലമാക്കി മാറ്റിയിരിക്കുന്നു. പണവും സ്ഥാനമാനങ്ങളും വെച്ചു നീട്ടുകയാണെങ്കിൽ ആർക്കും ചുമന്നു കൊണ്ട് പോകാവുന്ന ഉൽപ്പന്നങ്ങളായി കോൺഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും അധ:പ്പതിച്ചിരിക്കുന്നു. അധികാരത്തോടുള്ള ആർത്തിയും പണക്കൊതിയും രാഷ്ട്രീയത്തെ എത്രമാത്രം മലീമസമാക്കാം എന്നാണ് ചാക്കിട്ടുപിടിത്തങ്ങളുടെ പരമ്പരയിലൂടെ വ്യക്തമാകുന്നത്. 

കോൺഗ്രസ്സ് പ്രതിനിധിയായി മത്സരിച്ചു വിജയിച്ച എം എൽ എ മാർക്ക് നിമിഷ വേഗത്തിൽ ബിജെപി പാളയത്തിലെത്താൻ മടിയുണ്ടാകുന്നില്ല. സ്വന്തം നേതാക്കളായ ജനപ്രതിനിധികൾ പണത്തിന്റെ പ്രലോഭനത്തിൽ വീണു പോകാതിരിക്കാൻ അവരെ കൂട്ടത്തോടെ റിസോർട്ടുകളിൽ അടച്ചിടേണ്ടി വരുന്ന അവസ്ഥയേക്കാൾ  ദയനീയമായി ഒരു പാർട്ടിക്ക് മറ്റെന്തുണ്ട്? 

ബിജെപിയെ ചെറുക്കാൻ കോൺഗ്രസിനു വോട്ട് ചെയ്യൂ എന്നാണ് അവർ ആവശ്യപ്പെടുന്നത്. കോൺഗ്രസിന്റെ പേരിൽ ജയിക്കുന്നവർ ബിജെപിയിലേയ്ക്ക് മാറാൻ ക്യൂ നിൽക്കുമ്പോൾ കോൺഗ്രസ്സിന് ചെയ്യുന്ന വോട്ടിന്റെ ഗതി എന്താകും എന്നുകൂടി അവർ വിശദീകരിക്കണം. പണത്തിനു വേണ്ടി സ്വന്തം രാഷ്ട്രീയത്തെയും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെയും അടിയറ വയ്ക്കാൻ മടിക്കാത്ത കക്ഷിയിൽ നിന്ന് ജനങ്ങൾക്ക് നല്ലതൊന്നും പ്രതീക്ഷിക്കാനില്ല. 

ബിജെപിക്ക് എപ്പോഴും വാങ്ങാനുള്ള സാധന സാമഗ്രിയായി കോൺഗ്രസ്സ് സ്വയം മാറുമ്പോൾ ഇടതുപക്ഷ-ജനാധിപത്യ ശക്തികളാണ് ബദൽ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നത്. ജനാധിപത്യ സംരക്ഷണത്തിനും, മതനിരപേക്ഷതയ്ക്കും, നാടിന്റെ പുരോഗതിക്കുമായി അചഞ്ചലം നിലകൊള്ളുന്ന ഇടതുപക്ഷ ജനാധിപത്യശക്തികൾ കൂടുതൽ കരുത്തു നേടേണ്ടതിന്റെ അനിവാര്യതയെ ആണ് പുതുച്ചേരിയിലെ അനുഭവം ഓർമ്മിപ്പിക്കുന്നത്.

...............

തേസമയം, കേന്ദ്ര സർക്കാരിനെയും ലഫ് ഗവർണറെയും വിമർശിച്ച് നാരായണസ്വാമി രം​ഗത്തെത്തി. എംഎൽഎമാരെ ബിജെപി പണംകൊടുത്ത് വാങ്ങി. പുതുച്ചേരിയിൽ ഏറ്റവും മികച്ച ഭരണമാണ് കോൺഗ്രസ് സർക്കാർ നടത്തിയത്. ജനകീയപദ്ധതികൾക്ക് കേന്ദ്രവിഹിതം നൽകിയില്ല. ലഫ്. ഗവർണറെ വച്ച് പദ്ധതികൾ എല്ലാം ബിജെപി വൈകിപ്പിച്ചു. ജനാധിപത്യം ബിജെപി അട്ടിമറിക്കുന്നുവെന്നും നാരായണസാമിനാരായണസ്വാമി ആരോപിച്ചു. 

4.5 വർഷം ഭരണം നടത്തിയത് കടുത്ത സമ്മർദങ്ങൾക്കിടെയായിരുന്നു. ജനങ്ങളുടെ വിശ്വാസം കോൺഗ്രസ് സർക്കാരിനൊപ്പമാണ്. ലഫ് ഗവർണറെ വച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു കേന്ദ്രം. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ല. ദുരിതബാധിത മേഖലകളിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യാൻ പോലും ലഫ്.ഗവർണർ അനുവദിച്ചില്ല. പുതുച്ചേരിയെ കേന്ദ്രം ഒറ്റപ്പെടുത്തി. 

കോൺഗ്രസ് എംഎൽഎമാരുടെ സ്ഥാപനങ്ങളെ സാമ്പത്തികപ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭീഷണിപ്പെടുത്തി രാജിവയ്പ്പിക്കുകയും സർക്കാരിനെ വീഴ്ത്താൻ ഗൂഡാലാചന നടത്തുകയും ചെയ്തു. കേന്ദ്രഏജസികളെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിച്ചു. ഇതാണോ ജനാധിപത്യ മര്യാദയെന്ന് നാരായണ സ്വാമി ചോദിച്ചു. ആദായനികുതി, ഇഡി ഉദ്യോഗസ്ഥർ എംഎൽഎമാരെ സമ്മർദ്ദത്തിലാക്കി. മറ്റ് വഴികളില്ലാതെ എംഎൽഎമാർ രാജിവച്ചതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്
ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി