ചെലവാക്കിയത് 87 ലക്ഷം, പലിശയായും സംഭാവനയായും കോടിക്കണക്കിന് പണമെത്തി; പിഎം കെയർസ് കണക്ക് പുറത്തുവിട്ട് കേന്ദ്രം

Published : Aug 18, 2026, 05:00 PM IST
PM Cares Fund

Synopsis

പി.എം കെയർസ് ഫണ്ടിന്റെ ആകെ നീക്കിയിരിപ്പ് 8,452.95 കോടി രൂപയായി ഉയർന്നതായി കേന്ദ്ര സർക്കാർ പുറത്തുവിട്ട ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള പലിശയാണ് പ്രധാന വരുമാന സ്രോതസ്സ്, അതേസമയം ആഭ്യന്തര, വിദേശ സംഭാവനകൾ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഫണ്ടിൽ നിന്നുള്ള ചെലവ് 87.85 ലക്ഷം രൂപ മാത്രമായിരുന്നു.

ദില്ലി: കോവിഡ് മഹാമാരി പോലെയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രൂപീകരിച്ച പി.എം കെയർസ് ഫണ്ടിന്റെ സാമ്പത്തിക വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടും കേന്ദ്ര സർക്കാർ പരസ്യപ്പെടുത്തി. റിപ്പോർട്ട് പ്രകാരം ഫണ്ടിന്റെ ആകെ നീക്കിയിരിപ്പ് 8,452.95 കോടി രൂപയായി ഉയർന്നു. 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 7,188.63 കോടി രൂപയായിരുന്നു. 7,846.65 കോടി (ആകെ ഫണ്ടിന്റെ 93%) സ്ഥിര നിക്ഷേപമാണ്. രാജ്യത്തിനകത്തുനിന്നുള്ള സംഭാവന 479.05 കോടിയാണ്. 9.28 ലക്ഷം വിദേശ സംഭാവന. മുൻ വർഷം 15.60 കോടി രൂപ ചെലവാക്കിയെങ്കിൽ ഇക്കഴിഞ്ഞ വർഷം 87.85 ലക്ഷം മാത്രമാണ് ചെലവഴിച്ചത്.

ഫണ്ടിലെ തുകയുടെ ഭൂരിഭാഗവും ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ആകെ തുകയുടെ 93 ശതമാനത്തോളം വരുന്ന 7,846.65 കോടി രൂപയും എഫ്.ഡിയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഈ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് ലഭിച്ച 469.38 കോടി രൂപയുടെ പലിശയാണ് ഫണ്ടിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായി മാറിയത്. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സംഭാവനകളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ആഭ്യന്തര സംഭാവന മുൻ വർഷത്തെ 681.81 കോടി രൂപയിൽ നിന്ന് 479.05 കോടിയായി കുറഞ്ഞു. വിദേശ സംഭാവനകൾ 11.35 ലക്ഷം രൂപയിൽ നിന്ന് 9.28 ലക്ഷം രൂപയായും ഇടിഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം ഫണ്ടിൽ നിന്നുള്ള ആകെ ചെലവ് വളരെ കുറവായിരുന്നു. 87.85 ലക്ഷം രൂപ മാത്രമാണ് വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചത്. മുൻ വർഷമിത് 15.60 കോടി രൂപയായിരുന്നു. നേരിട്ടുള്ള സംഭാവനകളിൽ കുറവുണ്ടായെങ്കിലും, ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ തുക ഉയർന്നതാണ് ഫണ്ടിന്റെ ആകെ മൂല്യം വർദ്ധിക്കാൻ ഇടയാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി; ദിപ്കെ ചുറുചുറുക്കുള്ള നേതാവെന്ന് രാംദാസ് അത്തേവാലെ
വരുമാന പരിധിയില്ല, 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ; പുതിയ ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട്