
ദില്ലി: കൊവിഡ് പ്രതിരോധത്തിൽ മികച്ച പുരോഗതിയാണ് ഇന്ത്യയിലുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് കാലത്ത് ഇന്ത്യ 150 രാജ്യങ്ങൾക്ക് സഹായം നൽകി. 2025 ആകുമ്പോഴേക്കും ഇന്ത്യ ടി ബി മുക്ത രാജ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക ഉപദേശക സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ആദ്യമായാണ് ഈ സമിതിയെ മോദി അഭിസംബോധന ചെയ്യുന്നത്.
ആരോഗ്യമേഖലയുടെ താഴേത്തട്ടിൽ നിന്ന് മുതലുള്ള കൃത്യമായ പ്രവർത്തവും കഠിനാധ്വാനവുമാണ് കൊവിഡ് പ്രതിരോധത്തിൽ മുന്നേറാൻ ഇന്ത്യയെ സഹായിച്ചതെന്ന് മോദി പറഞ്ഞു. രോഗമുക്തി നിരക്കിൽ ലോകരാജ്യങ്ങളിൽ മികച്ച നിലയിലെത്താൻ ഇന്ത്യക്കു കഴിഞ്ഞു. ഭൂകമ്പങ്ങളാകട്ടെ ചുഴലിക്കാറ്റാവട്ടെ എബോള പ്രതിസന്ധിയാവട്ടെ, പ്രകൃത്യാലുള്ളതും മനുഷ്യനിർമ്മിതവുമായ എല്ലാ പ്രതിസന്ധികളുമാവട്ടെ വളരെ വേഗത്തിലും കൃത്യതയിലും ഐക്യത്തോടെയും പ്രതിപ്രവർത്തിക്കാൻ ഇന്ത്യക്കു കഴിയുന്നു. എല്ലാവർക്കുമൊപ്പം,എല്ലാവരുടെയും വളർച്ചക്കൊപ്പം, എല്ലാവരുടെയും വിശ്വാസത്തിനൊപ്പം എന്നതാണ് ഇന്ത്യയുടെ മുദ്രാവാക്യം. അതുകൊണ്ട് തന്നെ രാജ്യത്ത് എല്ലാവരും ഒപ്പം മുന്നേറുകയാണ്, ആരെയും പിന്നിലാക്കുന്നില്ല എന്നും മോദി പറഞ്ഞു.
മനുഷ്യരാശിയുടെ ആറിലൊന്ന് ശതമാനവും ഇന്ത്യയിലാണുള്ളത്. തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് നല്ല ബോധ്യമാണ് ഇന്ത്യക്കുള്ളത്. സ്വന്തം പുരോഗതിയിൽ വിജയിക്കാനായാൽ ഇന്ത്യക്ക് ലോകനേട്ടങ്ങൾ കൈവരിക്കാനാകുമെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam