
ദില്ലി: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. തികഞ്ഞ ഉത്സാഹത്തോടും സമഗ്രതയോടും കൂടിയാണ് അദ്ദേഹം ഇന്ത്യയെ സേവിച്ചതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ടി എന്‍ ശേഷന്‍റെ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളും നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തവും കൂടുതൽ പങ്കാളിത്തവുമുള്ളതാക്കി മാറ്റി.
അദ്ദേഹത്തിന്റെ നിര്യാണം വേദനയുളവാക്കുന്നുവെന്നും മോദി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ടി എന്‍ ശേഷന്‍റെ നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തി. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ മാറ്റിയെടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ഏറ്റവും വലിയ പങ്കുവഹിച്ചത് ടി എന്‍ ശേഷനാണ്. ജനാധിപത്യത്തിലേക്കുള്ള വെളിച്ചമായി അദ്ദേഹത്തെ എന്നും രാജ്യം ഓര്‍ക്കും.
അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം തന്‍റെ പ്രാര്‍ത്ഥനകളുണ്ടെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ടി എൻ ശേഷൻ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വന്ന വ്യക്തിയാണ് വിട വാങ്ങിയത്. എസ് വൈ ഖുറേഷി ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്.
1990ൽ ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ടി എൻ ശേഷൻ തെരഞ്ഞെടുപ്പ് മേഖല അഴിമതി മുക്തമാക്കാൻ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. തെരഞ്ഞെടുപ്പുകളിലെ അധിക ചെലവ് കുറയ്ക്കുന്നതിലും അദ്ദേഹം വലിയ ഇടപെടലുകൾ നടത്തി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല എന്ത് എന്ന് ജനങ്ങൾക്ക് വ്യക്തമാക്കി കൊടുത്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഫോട്ടോ പതിച്ച വോട്ടേഴ്സ് ഐഡികൾ കൊണ്ടു വന്നതടക്കമുള്ള പരിഷ്കാരങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ടായി. പ്രശ്സ്തമായ മഗ്സസെ പുരസ്കാരത്തിനും അർഹനായി. തെരഞ്ഞെടുപ്പ് കമ്മീഷന് നട്ടെല്ലുണ്ടാക്കി കൊടുത്ത കമ്മീഷണർ എന്നാകും കാലം അദ്ദേഹത്തെ ഇനി ഓർമ്മിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam