
ദില്ലി: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. നേരത്തെ എക്സ് പ്ലാറ്റ്ഫോമിലുടെയും വിജയ്ക്ക് മോദി ആശംസ നേർന്നിരുന്നു. വിജയ്‌യുടെ ഭരണകാലഘട്ടം മികച്ചതായിരിക്കട്ടെ എന്ന് ആശംസിച്ച പ്രധാനമന്ത്രി, തമിഴ്‌നാട്ടിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഉറപ്പുനൽകി. പ്രധാനമന്ത്രിയുടെ ആശംസകൾക്ക് വിജയ് നന്ദി രേഖപ്പെടുത്തി. ജനക്ഷേമവും സംസ്ഥാനത്തിന്റെ പുരോഗതിയുമാണ് തന്റെ സർക്കാരിന്റെ ഏക ലക്ഷ്യമെന്നും ഈ പാതയിൽ കേന്ദ്ര സർക്കാരിന്റെ സജീവമായ സഹകരണം പ്രതീക്ഷിക്കുന്നതായും വിജയ് മറുപടി നൽകി.
നേരത്തെ വിജയ്ന്‍റെ സത്യപ്രതിജ്ഞ സമയത്ത് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം മോദി നടത്തിയിരുന്നു. അധികാരത്തിന്‍റെ അത്യാർത്തി കാരണം കോൺഗ്രസ്, ഡി എം കെയെ പിന്നിൽ നിന്ന് കുത്തി ചതിച്ചാണ് പുതിയ മേച്ചിൽപുറം തേടിയതെന്നാണ് മോദി കർണാടകയിലെ ഒരു പരിപാടിയിൽ പറഞ്ഞത്. സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തത്തിന് പിന്നാലെയായിരുന്നു മോദിയുടെ വിമർശനം. മുപ്പത് വർഷത്തോളം, പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെനിന്ന ഡി എം കെയെ രാഷ്ട്രീയ കാറ്റ് മാറിയ നിമിഷം കോൺഗ്രസ് ഒറ്റിക്കൊടുത്തുവെന്ന് മോദി വിമർശിച്ചു. അധികാരത്തോടുള്ള അത്യാർത്തി മൂലം, അധികാരം കൊതിയന്മാരായ കോൺഗ്രസ് കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡി എം കെയെ പിന്നിൽ നിന്ന് കുത്തിയെന്നും രാഷ്ട്രീയമായി നിലനിൽക്കാൻ മറ്റൊരു പാർട്ടിയെ കൂടി കോൺഗ്രസിന് ആവശ്യമായി വന്നിരിക്കുകയാണെന്നും മോദി വിമർശിച്ചു. പലപ്പോഴും പ്രതിസന്ധികളിൽ ഡി എം കെയുമായുള്ള സഖ്യമാണ് കോൺഗ്രസിനെ രക്ഷിച്ചത്. വാസ്തവത്തിൽ, 2014 ന് മുമ്പുള്ള പത്ത് വർഷത്തെ അവരുടെ സർക്കാർ പ്രധാനമായും നിലനിന്നത് ഡി എം കെ കാരണമായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam