ചരിത്രത്തിലെ സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി; ബില്ലിനെ അനുകൂലിച്ച എംപിമാര്‍ക്ക് അഭിനന്ദനം

By Web TeamFirst Published Dec 11, 2019, 10:01 PM IST
Highlights

വര്‍ഷങ്ങളായി നിയമ പ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ പൗരത്വ ഭേദഗതി ബില്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ദില്ലി: ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ അനുകൂലിച്ച എംപിമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വര്‍ഷങ്ങളായി നിയമ പ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ പൗരത്വ ഭേദഗതി ബില്‍ സഹായിക്കുമെന്നും നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

A landmark day for India and our nation’s ethos of compassion and brotherhood!

Glad that the has been passed in the . Gratitude to all the MPs who voted in favour of the Bill.

This Bill will alleviate the suffering of many who faced persecution for years.

— Narendra Modi (@narendramodi)

105-നെതിരെ 125-വോട്ടുകള്‍ക്കാണ് പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ശിവസേന ഇറങ്ങിപ്പോയി. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും. പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 

പൗരത്വ നിയമ ഭേദഗതി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടെടുപ്പിനിട്ട് സഭ തള്ളിയിരുന്നു.  44 ഭേദഗതി നിര്‍ദേശങ്ങളാണ് ബില്ലിന്‍മേല്‍ വന്നത്. എന്നാല്‍ ഇവയെല്ലാം രാജ്യസഭ വോട്ടിനിട്ട് തള്ളി. ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന രാജ്യസഭയില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായ കെകെ രാഗേഷ്, എളമരം കരീം, അബ്ദുള്‍ വഹാബ്, ബിനോയ് വിശ്വം, സോമപ്രസാദ് എന്നിവരെല്ലാം ഭേദഗതി നിര്‍ദേശം നല്‍കിയെങ്കിലും ഇവയെല്ലാം വോട്ടിനിട്ട് തള്ളി. 

Also Read: മോദി രാജ്യം ഭരിക്കുക മാത്രമല്ല പലതും തിരുത്തുകയും ചെയ്യും: പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ അമിത് ഷാ.

പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യസഭയില്‍ പാസാക്കിയതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്ത് നിന്ന് ഉയരുന്നത്. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസീം ലീഗും കോണ്‍ഗ്രസും അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചു. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരായ വർഗ്ഗീയ ശക്തികളുടെ വിജയമാണ് രാജ്യസഭയില്‍ ഇന്ന് ഉണ്ടായതെന്നും ബിൽ ഇന്ത്യയെ വിഭജിക്കുമെന്നും സോണിയാ ഗാന്ധി പറഞ്ഞു.

click me!