ലോക്ക്ഡൗണില്‍ ആദ്യമായി ദില്ലിക്ക് പുറത്തേക്ക് പ്രധാനമന്ത്രി; ഉംപുൺ നാശം വിതച്ച ബം​ഗാളും ഒഡീഷയും സന്ദര്‍ശിക്കും

By Web TeamFirst Published May 21, 2020, 9:45 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പശ്ചിമബംഗാൾ സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി സംസ്ഥാനത്തിന് വേണ്ട സഹായധനം നൽകണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് ആവശ്യപ്പെട്ടിരുന്നു.

ദില്ലി: ഉംപുൺ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബം​ഗാളിലും ഒഡീഷയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശനിരീക്ഷണം നടത്തും. ഇരുസംസ്ഥാനങ്ങളിലും നാളെ മോദി സന്ദർശനം നടത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മാർച്ച് 25ന് ആദ്യലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ദില്ലിയ്ക്കു പുറത്ത് സന്ദർശനം നടത്തുന്നത്.

'ഉംപുൺ ചുഴലിക്കാറ്റിന്റെ സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പശ്ചിമബം​ഗാളിലും ഒഡിഷയിലും സന്ദർശനം നടത്തും. ആകാശനിരീക്ഷണം നടത്തുന്നതിനു പുറമേ യോ​ഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. ദുരിതാശ്വാസവും പുനരധിവാസവും സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യും.'- പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പശ്ചിമബംഗാൾ സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി സംസ്ഥാനത്തിന് വേണ്ട സഹായധനം നൽകണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് ആവശ്യപ്പെട്ടിരുന്നു.

ചുഴലിക്കാറ്റിൽ പശ്ചിമബംഗാളിൽ മാത്രം 72 പേർ മരിച്ചതായാണ് ഔദ്യോ​ഗിക വിവരം.  കൊൽക്കത്തയിൽ മാത്രം മരണം 15 ആയി. വീട് തകർന്നുവീണും, വീടിന് മുകളിൽ മരണം വീണും, തകർന്നുവീണ വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റുമാണ് മരണങ്ങളുണ്ടായതെന്നും മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.

ഇങ്ങനെയൊരു ദുരന്തം  ജീവിതത്തിൽ താൻ കണ്ടിട്ടില്ലെന്നാണ് മമത പറഞ്ഞത്. ഇത് സർവനാശമായിരുന്നു. പ്രകൃതിയുടെ താണ്ഡവമായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചിരുന്നു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു എന്നും മമതാ ബാനർജി പറഞ്ഞു. ഒരു ലക്ഷം കോടിയുടെ നഷ്ടമെങ്കിലും ഉംപുൺ വീശിയടിച്ചതിലൂടെ സംസ്ഥാനത്തിന് ഉണ്ടായെന്നാണ് കണക്കുകൂട്ടൽ. 

click me!