
ദില്ലി: മണിപ്പൂര്‍ വിഷയത്തിലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ ചർച്ചക്കുള്ള മറുപടി പ്രസംഗത്തിൽ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് ആക്രമണവും ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ ഐക്യത്തെ വിമർശിക്കാനായാണ് മോദി, രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്തത് പരാമർശിച്ചത്. വയനാട്ടില്‍ കോണ്‍ഗ്രസിന്‍റെ ഓഫീസ് അടിച്ച് തകർത്തവരുമായാണ് കോണ്‍ഗ്രസ് സൗഹൃദം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് മോദി പ്രസംഗത്തിനിടെ പറഞ്ഞത്. ഇക്കാര്യമടക്കം ചൂണ്ടികാട്ടിയ പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തെ രൂക്ഷമായാണ് വിമർശിച്ചത്.
അഹങ്കാരമാണ് കോണ്‍ഗ്രസിനെ നാന്നൂറ് സീറ്റിൽ നിന്ന് നാല്‍പ്പതിലേക്ക് എത്തിച്ചതെന്ന് മോദി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്‍റെ ചിഹ്നം തന്നെ എല്ലാ അധികാരവും ഒരു കുടുബത്തിന്‍റെ കൈയ്യിലെന്നത് വ്യക്തമാക്കുന്നതെന്നും മോദി പരിഹസിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സർക്കാരില്‍ വിശ്വാസം ഉണ്ട്. പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്‍റെ അടുപ്പക്കാർക്ക് പോലും അവരുടെ പ്രസംഗത്തില്‍ സന്തോഷമില്ല. അഴിമതി പാർട്ടികള്‍ ഒന്നായിരിക്കുന്നുവെന്നും മോദി വിമർശിച്ചു.
അതേസമയം അവിശ്വാസ പ്രമേയം കൊണ്ടുവന്നതിൽ പ്രതിപക്ഷത്തിന് നന്ദിയെന്നും പറഞ്ഞാണ് മോദി സംസാരിച്ചു തുടങ്ങിയത്. ഇത് സർക്കാരിന്‍റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിന്‍റെ പരീക്ഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ 'അവിശ്വാസം കാണിച്ചു'. 2024 ല്‍ ബിജെപിക്ക് റെക്കോർഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുൽ ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന് രാജ്യത്തേക്കാള്‍ വലുത് പാര്‍ട്ടിയാണ്. എന്നാല്‍ രാജ്യത്തെ വികസനവും ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരവുമാണ് ബിജെപിയുടെ ലക്ഷ്യം. പ്രതിപക്ഷം എപ്പോഴും ജനങ്ങളെ നിരാശപ്പെടുത്തുകയാണ്. രാജ്യത്തെ യുവാക്കള്‍ക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാൻ ബി ജെ പിക്കായെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. അതുപോലെ ഇന്ത്യയില്‍ സ്റ്റാർട്ടപ്പുകളില്‍ റെക്കോർഡ് വർധനയാണ് ഉണ്ടായിട്ടുള്ളതെന്നും മോദി അവകാശപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam