
അബുദാബി: യുഎഇയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന അഹ്‌ലാന്‍ മോദി പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ 60,000 പിന്നിട്ടതായി സംഘാടകര്‍. ഫെബ്രുവരി 13ന് വൈകിട്ട് നാലു മണിക്ക് അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് അഹ്‌ലാന്‍ മോദി പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയിലെ 150 ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യുവാക്കളും വിദ്യാര്‍ഥികളും തൊഴിലാളികളും ഭാഗമാകുന്ന പരിപാടിയില്‍ ഇന്ത്യയുടെ ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളെ കുറിച്ച് മോദി സംസാരിക്കും. 700 കലാകാരന്മാര്‍ വിവിധ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കും. പ്രധാനമന്ത്രി മോദിക്കുള്ള പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ സ്വീകരണമായിരിക്കും അഹ്‌ലാന്‍ മോദി പരിപാടിയെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. മോദി പങ്കെടുക്കുന്ന പ്രവാസ ലോകത്തെ വന്‍ പരിപാടിയായിരിക്കും ഇതെന്നും സംഘാടകര്‍ അഭിപ്രായപ്പെടുന്നു. മോദിയെ സ്വീകരിക്കാനെത്തുന്ന പ്രവാസികളെ കൊണ്ട് സ്റ്റേഡിയം നിറയുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ ആസൂത്രണത്തിനും നടത്തിപ്പിനുമായി വിവിധ സന്നദ്ധ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയായതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണിത്. പരിപാടിയുടെ ഭാഗമാകാന്‍ www.ahlanmodi.ae എന്ന വെബ്‌സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഏഴ് എമിറേറ്റുകളില്‍ നിന്നും സൗജന്യ ഗതാഗത സൗകര്യവും ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 056 385 8056.