
ദില്ലി: ഇന്ധനവില തവണകളായി വർദ്ധിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനങ്ങളുടെ പോക്കറ്റടിക്കുകയാണെന്ന കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തവണകളായി പെട്രോളിനും ഡീസലിനും എട്ട് രൂപയാണ് വർദ്ധിപ്പിച്ചത്. ജനങ്ങൾ അറിയാതെ രഹസ്യമായി അവരുടെ പോക്കറ്റടിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ വില തവണകളായി ഉയർത്തുന്നതെന്നും ഇന്ധനവിലയിലുള്ള ഈ വർദ്ധനവ് ഇനിയും തുടരുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. 'വിലക്കയറ്റ മനുഷ്യൻ മോദി' വീണ്ടും ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് അദ്ദേഹം ഹിന്ദിയിലുള്ള തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. രാജ്യത്ത് വലിയൊരു സാമ്പത്തിക കൊടുങ്കാറ്റ് വരാൻ പോകുകയാണെന്ന് താൻ മാസങ്ങളായി മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. എന്നാൽ പ്രധാനമന്ത്രി മോദി എപ്പോഴും ചെയ്യാറുള്ളതുപോലെ ഇത് അവഗണിക്കുകയായിരുന്നു. മോദി തെരഞ്ഞെടുപ്പ് തിരക്കുകളിലായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് വൻ വാഗ്ദാനങ്ങൾ നൽകുകയും ബാക്കി സമയങ്ങളിലെല്ലാം ജനങ്ങളുടെ പോക്കറ്റടിക്കുകയും ചെയ്യുക എന്നത് മാത്രമാണ് 'വിലക്കയറ്റ മനുഷ്യൻ' മോദിയുടെ ഒരേയൊരു ജോലിയെന്നും രാഹുൽ ഗാന്ധി കടുത്ത ഭാഷയിൽ പരിഹസിച്ചു.
സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടിയായി രാജ്യത്ത് ഇന്ന് വീണ്ടും ഇന്ധനവില വർധനവ് പ്രാബല്യത്തിലായി. പെട്രോളിന് ഇന്ന് 2.61രൂപയും, ഡീസലിന് 2.71 രൂപയും കൂടി. ഇന്നത്തെ വർധന കൂടി വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41രൂപയുമാണ് വില. രണ്ടാഴ്ചക്കിടെ നാല് തവണയായി 8 രൂപയാണ് കൂട്ടിയത്. മെയ് 15 ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി. മെയ് 19 ന് 90 പൈസ വീതം വര്‍ധിപ്പിച്ചിരുന്നു. മെയ് 23 ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. ഇന്ന് പെട്രോളിന് രണ്ടു രൂപ 61 പൈസയും ഡീസലിന് രണ്ടു രൂപ 71 പൈസയും കൂട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam