
ദില്ലി: മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രതിപക്ഷം കൊണ്ടുന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞ് പ്രധാനമന്ത്രി. മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മോദി ഉറപ്പു നൽകി. കലാപത്തിന് വഴി വെച്ചത് ഹൈക്കോടതി ഉത്തരവാണ്. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുമെന്നും മോദി വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഒന്നരമണിക്കൂറോളം സമയം കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കേന്ദ്രത്തിന്‍റെ മികവിനെ കുറിച്ചും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചും മാത്രം ആദ്യ മണിക്കൂറുകളിൽ സംസാരിച്ച പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളികളുയര്‍ത്തി.
മണിപ്പൂരിനെ കുറിച്ച് പറയൂവെന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് മണിപ്പൂരിനെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഇതിന് ശേഷമാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപോകുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിപക്ഷം മണിപ്പൂർ ചർച്ച അട്ടിമറിച്ചുവെന്നും ആരോപിച്ചു.
പിന്നാലെ മണിപ്പൂര്‍ വിഷയത്തിന്മേൽ സംസാരിച്ച് തുടങ്ങിയ പ്രധാനമന്ത്രി, മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടായെന്ന് സഭയിൽ സമ്മതിച്ചു. അമിത് ഷാ ഇന്നലെ സഭയിൽ നടത്തിയ വിശദീകരണത്തിന് സമാനമായ രീതിയിൽ ഹൈക്കോടതി ഉത്തരവാണ് കലാപത്തിന് വഴിവെച്ചതെന്നാണ് മോദിയുടെയും വിശദീകരണം. കേന്ദ്രവും സംസ്ഥാനവും മണിപ്പൂര്‍ വിഷയത്തിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam