പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശയാത്ര ഇന്ന് തുടങ്ങും

By Web TeamFirst Published Jun 8, 2019, 9:09 AM IST
Highlights

ഈ യാത്രയിൽ രണ്ട് രാജ്യങ്ങൾ സന്ദർശിച്ച് നയതന്ത്ര പ്രാധാന്യമുള്ള ചർച്ചകൾ നടത്തിയ ശേഷം ഇന്ത്യൻ പ്രധാനമന്ത്രി തിരികെ വരും

ദില്ലി: രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദി ഇന്ന് തന്റെ ആദ്യ വിദേശയാത്ര പോകും. ഇന്ന് വൈകിട്ടാണ് മാലിദ്വീപിലേക്ക് പോകുന്നത്. മാലിദ്വീപ് പ്രസിഡന്റിന്റെ ഔദ്യോഗിക ക്ഷണ പ്രകാരമാണ് അദ്ദേഹത്തിന്റെ യാത്ര. മാലിദ്വീപ് പാർലമെന്റായ മജിലിസിനെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും. 2011 ൽ മൻമോഹൻ സിങ് മാലിദ്വീപ് സന്ദർശിച്ച ശേഷം ഇതാദ്യമായാണ് ഒരു നയതന്ത്ര പ്രാധാന്യമുള്ള സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി ഈ ദ്വീപ് രാഷ്ട്രത്തിലേക്ക് പോകുന്നത്.

കഴിഞ്ഞ തവണ പ്രധാനമന്ത്രിയായിരുന്നപ്പോൾ പ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി മാലിദ്വീപിൽ പോയിരുന്നു. എങ്കിലും അതിൽ നയതന്ത്ര വിഷയങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. 

മാലിദ്വീപിൽ തീരദേശ നിരീക്ഷണ റഡാർ സംവിധാനത്തിന്റെ ഉദ്ഘാടനം മോദിയുടെ സന്ദർശന വേളയിലാണ് നടക്കുക. സൈനികർക്കുള്ള പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. മേഖല ചൈനയുടെ പക്കൽ നിന്നും തിരിച്ചുപിടിച്ച ശേഷം ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. മുൻ പ്രസിഡന്റ് അബദുള്ള യമീന്റെ കാലത്താണ് ചൈനീസ് ശക്തികൾക്ക് ഇവിടെ സ്വാധീനം ചെലുത്താനും അടിസ്ഥാന സൗകര്യ വികസന കാര്യത്തിലടക്കം വലിയ നിക്ഷേപത്തിന് അവസരം ലഭിച്ചതും. 

ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകൾ ഒപ്പിടുന്നതിന് പുറമെ ദ്വീപ് രാജ്യത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാനും ഇന്ത്യ ഫണ്ട് അനുവദിക്കും. മാലിദ്വീപിൽ നിന്നും നേരെ ശ്രീലങ്കയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്. തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിക്കുന്നതിന് കൂടിയാണ് ഈ യാത്ര.

 

click me!