
പട്‌ന : ബിഹാറിലെ ഖഗരിയ സ്വദേശിയായ ഒരാളുടെ അക്കൗണ്ടിലേക്ക് അബദ്ധവശാൽ 5.5 ലക്ഷം രൂപ ക്രെഡിറ്റ് ആവുന്നു. തങ്ങൾക്ക് പറ്റിയ തെറ്റ് തിരിച്ചറിഞ്ഞ ബാങ്ക് അധികൃതർ ആ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, അതിനു വിസമ്മതിച്ച യുവാവ് മാനേജരോട് പറഞ്ഞത് വളരെ വിചിത്രമായ ഒരു കാരണമായിരുന്നു, "ഇതെന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇട്ടുതന്ന പണമാണ്. ഞാനിത് തിരികെ തരില്ല."
ഗ്രാമിന് ബാങ്കിന്റെ ഖഗരിയ ബ്രാഞ്ചിനാണ് ഇങ്ങനെ ഒരു അബദ്ധം പിണഞ്ഞത്. ഭക്തിയാർപൂർ ഗ്രാമവാസിയായ രഞ്ജിത്ത് ദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കാണ്
അവർ തെറ്റായി അഞ്ചര ലക്ഷം അയച്ചു കൊടുത്തത്. ഈ അബദ്ധം തിരിച്ചറിഞ്ഞ ശേഷം, പ്രസ്തുത തുക തിരികെ നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ബാങ്കിൽ നിന്ന് പലതവണ രഞ്ജിത്ത് ദാസിന് നോട്ടീസ് അയക്കുകയുണ്ടായി എങ്കിലും, ദാസ് ആ പണം തിരികെ നൽകാൻ തയ്യാറായില്ല. താൻ കിട്ടിയ ദിവസം തന്നെ അത് മുഴുവനും ചെലവാക്കിക്കളഞ്ഞു എന്നാണ് ദാസിന്റെ വിശദീകരണം.
"ഇക്കൊല്ലം മാർച്ചിൽ ഈ പണം അക്കൗണ്ടിൽ വന്നു ക്രെഡിറ്റായപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു. ഈ തുക, പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പിന് മുമ്പ് ഓരോരുത്തരുടെയും അക്കൗണ്ടിൽ ഇട്ടുതരാം എന്ന് വാഗ്ദാനം ചെയ്തിരുന്ന 15 ലക്ഷത്തിന്റെ ആദ്യ ഇൻസ്റ്റാൾമെന്റ് ആണ് എന്നാണ് ഞാൻ കരുതിയത്. കിട്ടി അധികം വൈകാതെ അത് മുഴുവൻ ഞാൻ ചെലവാക്കുകയും ചെയ്തു. തിരികെ കൊടുക്കണം എന്ന് പറഞ്ഞാൽ, അതിന് ഇപ്പോൾ എന്റെ അക്കൗണ്ടിൽ ഒരു നയാപൈസയും ബാക്കിയില്ല." എന്നാണ് ദാസ് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുള്ളത് എന്ന് IANS നെ ഉദ്ധരിച്ചു കൊണ്ട് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.
എന്തായാലും ഇപ്പോൾ ഈ കേസുമായി ബന്ധപ്പെട്ട്, ബാങ്ക് മാനേജരുടെ പരാതിയിന്മേൽ രൺജിത് ദാസിനെ അറസ്റ്റു ചെയ്തിരിക്കുകയാണ് ലോക്കൽ പോലീസ് ഇപ്പോൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam