'വിദ്യാര്‍ത്ഥികളെ വെറുതെ വിടണം, അവരുടെ സമയം കളയരുത്'; മോദിയുടെ പരീക്ഷ പേ ചര്‍ച്ചയെ പരിഹസിച്ച് കപില്‍ സിബല്‍

By Web TeamFirst Published Jan 20, 2020, 6:22 PM IST
Highlights

ദില്ലിയില്‍ രാവിലെ 11 മണിക്കാണ് പരീക്ഷാ പേ ചര്‍ച്ച നടന്നത്. പരീക്ഷ ഭയം, പരീക്ഷ സമയത്തെ സമ്മര്‍ദ്ദം തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി.

ദില്ലി: പരീക്ഷാപ്പേടിയകറ്റാന്‍ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ചയായ പരീക്ഷ പേ ചര്‍ച്ചയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി ദയവായി കുട്ടികളെ വെറുതെ വിടണം. ഇത് ബോര്‍ഡ് പരീക്ഷക്ക് തയ്യാറെടുക്കാനുള്ള സമയമാണ്. അദ്ദേഹം കുട്ടികളുടെ സമയം കളയരുത്-കപില്‍ സിബല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ബിജെപി നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് കപില്‍ സിബല്‍ നേരത്തെയും വിമര്‍ശനമുന്നയിച്ചിരുന്നു.

ബിരുദം നേടിയ ശേഷം അതിനെക്കുറിച്ച് കൂടി തുറന്ന ചര്‍ച്ചകള്‍ നടത്തുകയും എല്ലാവരും അറിയുകയും വേണം. വിദ്യാര്‍ത്ഥികളുമായി മാന്‍ കി ബാത് പരിപാടിയാണ് അദ്ദേഹം നടത്തിയതെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരുടെ ബിരുദം സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെയാണ് കപില്‍ സിബലിന്‍റെ വിമര്‍ശനം. ഗുജറാത്ത് യൂണിവേഴ്സിറ്റിയില്‍ നിന്ന് എന്‍റയര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയെന്നാണ് മോദിയുടെ വാദം.

ദില്ലിയിലെ തല്‍കടോര സ്റ്റേഡിയത്തില്‍ രാവിലെ 11 മണിക്കാണ് പരീക്ഷാ പേ ചര്‍ച്ച നടന്നത്. പരീക്ഷ ഭയം, പരീക്ഷ സമയത്തെ സമ്മര്‍ദ്ദം തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള രണ്ടായിരത്തില്‍ അധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. 9മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വിഷയങ്ങളില്‍ ലഘു പ്രബന്ധ മത്സരം നടത്തിയാണ് പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ഥികളെ കണ്ടെത്തിയത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 1050 വിദ്യാര്‍ഥികളേയും ഇത്തരത്തിലാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

click me!