
ഡൽഹി: ചെങ്കോട്ടയിൽ നിന്ന് തുടർച്ചയായി ഏറ്റവും കൂടുതൽ സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തിയ ഇന്ദിരാഗാന്ധിയുടെ റെക്കോഡ് മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായി 12 സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ ചെങ്കോട്ടയിൽ നടത്തിയതിലൂടെ ഇന്ദിരാ ഗാന്ധിയുടെ 11 പ്രസംഗങ്ങൾ എന്ന റെക്കോർഡാണ് മോദി മറികടന്നത്. ഇതോടെ ചെങ്കോട്ടയിൽ നിന്നുള്ള സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ കാര്യത്തിൽ ഒന്നാമനായി മോദി മാറി. 2014 ൽ ആദ്യമായി ചെങ്കോട്ടയിൽ നിന്ന് പ്രസംഗിച്ച മോദി കഴിഞ്ഞവർഷം മൻമോഹൻ സിംഗിനെ മറികടന്നിരുന്നു.
അതേസമയം പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് തുടർച്ചയായി ഏറ്റവും കൂടുതൽ പ്രസംഗങ്ങൾ നടത്തിയിട്ടുള്ളത്. 17 തവണയാണ് നെഹ്റു തുടർച്ചയായി സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയിട്ടുള്ളത്. ഈ റെക്കോഡ് നെഹ്റുവിന് തന്നെയാണ് ഇപ്പോഴും സ്വന്തം. അതേസമയം ഏറ്റവും ദൈർഘമേറിയ സ്വാതന്ത്ര്യദിന പ്രസംഗം എന്ന സ്വന്തം റെക്കോർഡും ഇന്നത്തെ പ്രസംഗത്തിലൂടെ മോദി മറികടന്നു. 103 മിനിറ്റ് ആണ് ഇന്നത്തെ മോദിയുടെ പ്രസംഗത്തിന്റെ ദൈർഘ്യം.
സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ഇന്ന് നിരവധി സുപ്രധാന പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിരുന്നു. ദീപാവലി സമ്മാനമായി ജി എസ് ടി പരിഷ്കരണം നടപ്പിലാക്കുമെന്നതാണ് അതിലേറ്റവും ശ്രദ്ധേയമായത്. ജി എസ് ടി നിരക്കുകൾ കുറയ്ക്കുമെന്നും പുതിയ നികുതി വ്യവസ്ഥ അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയ്ക്കുമെന്നും മോദി പറഞ്ഞു. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിലാകും നികുതി പരിഷ്കരണമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എം എസ് എം ഇ മേഖലയെ ഉത്തേജിപ്പിക്കാനും നികുതി പരിഷ്കരണം സഹായിക്കുമെന്നും മോദി അവകാശപ്പെട്ടു. നിലവിലെ ജി എസ് ടി സംവിധാനത്തിൽ 0% മുതൽ 28% വരെ അഞ്ച് പ്രധാന നികുതി സ്ലാബുകളുണ്ട്. മിക്ക ഉൽപ്പന്നങ്ങൾക്കും 12%, 18% എന്നിവയാണ് സാധാരണ നിരക്കുകൾ. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തിയതായും ഉടൻ പ്രാബല്യത്തിൽ വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ മെഗാ തെൊഴിലവസര പദ്ധതി ഇന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജനസംഖ്യക്ക് ഭീഷണിയായി നില്‍ക്കുന്ന നുഴഞ്ഞു കയറ്റത്തെ ചെറുക്കാന്‍ ഹൈപവര്‍ ഡെമോഗ്രാഫിക് മിഷന്‍ പ്രഖ്യാപിച്ച മോദി, ശത്രുവിനെ നേരിടാന്‍ കൂടുതല്‍ ശക്തമായ ആയുധ പ്രതിരോധ സംവിധാനം മിഷന്‍ സുദര്‍ശന്‍ ചക്രയും യാഥാര്‍ത്ഥ്യമാക്കുമെന്നും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam