വെള്ളിയാഴ്ച രാവിലെ ഒമ്പതിന് രാജ്യത്തിന് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

By Web TeamFirst Published Apr 2, 2020, 5:56 PM IST
Highlights

ലോക്ക്ഡൗണ്‍ ഒരാഴ്ച പിന്നിടുമ്പോള്‍ നാളെ രാവിലെ ഒമ്പത് മണിക്ക് തന്റെ വീഡിയോ സന്ദേശമുണ്ടാകുമെന്നാണ് മോദി അറിയിച്ചിരിക്കുന്നത്.

ദില്ലി:  കൊവിഡ് 19 വൈറസ് രാജ്യത്ത് പടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നാളെ രാജ്യത്തോട് സംസാരിക്കും. ലോക്ക്ഡൗണ്‍ ഒരാഴ്ച പിന്നിടുമ്പോള്‍ നാളെ രാവിലെ ഒമ്പത് മണിക്ക് തന്റെ വീഡിയോ സന്ദേശമുണ്ടാകുമെന്നാണ് മോദി അറിയിച്ചിരിക്കുന്നത്.

തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 15ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടുമോ ഇല്ലയോ എന്ന കാര്യം സന്ദേശത്തില്‍ ഉണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കൊവിഡിനെതിരെ നീണ്ട പോരാട്ടം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറഞ്ഞിരുന്നു.

At 9 AM tomorrow morning, I’ll share a small video message with my fellow Indians.

कल सुबह 9 बजे देशवासियों के साथ मैं एक वीडियो संदेश साझा करूंगा।

— Narendra Modi (@narendramodi)

പരമാവധി ജീവന്‍ രക്ഷിക്കാനാണ് ശ്രമം. കൊവിഡിനെതിരായ യുദ്ധത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഏപ്രില്‍ 15ന് ശേഷം ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷം തോന്നിയതുപോലെ പ്രവര്‍ത്തിച്ചാല്‍ ലോക്ക്ഡൗണിന്റെ ഗുണങ്ങള്‍ ഇല്ലാതെയാകുമെന്നും മോദി പറഞ്ഞു.പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കൂടിക്കാഴ്ച്ചയ്ക്കു ശേഷം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിച്ച വാര്‍ത്താക്കുറിപ്പിലും, ലോക്ക്ഡൗണ്‍ ഏപ്രില്‍ 15ന് അവസാനിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ സൂചന ലോക്ക്ഡൗണ്‍ 15ന് അവസാനിക്കുമെന്ന് തന്നെയാണ്. എല്ലാ സംസ്ഥാനങ്ങളും ലോക്ക്ഡൗണിന് വലിയ പിന്തുണയാണ് തന്നതെന്നും പ്രധാനമന്ത്രി ഇതില്‍ പറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷവും കൊവിഡിനെ പ്രതിരോധിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ജനങ്ങള്‍ അധികം പുറത്തിറങ്ങാതിരിക്കാനും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാനും ഉള്ള തന്ത്രങ്ങളാണ് കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് ആവിഷ്‌കരിക്കേണ്ടതെന്നും പ്രധാനമന്ത്രി പറയുന്നു.
 

click me!