
ദില്ലി: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് അയോധ്യയിൽ മോദിയുടെ റോഡ് ഷോ നടക്കും. പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 15700 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ സന്ദർശനം.
അയോധ്യയിൽ ഉദ്ഘാടന മാമാങ്കത്തിന് തുടക്കമിടാനാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. ശ്രീരാമ കിരീട മാതൃക ചൂടിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷൻ, പുതുക്കി പണിത അന്താരാഷട്ര വിമാനത്താവളം, രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ, 6 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, അയോധ്യ ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡുകൾ, അയോധ്യ ഗ്രീൻഫീൽഡ് ടൗൺഷിപ്പിന് തറക്കല്ലിടൽ തുടങ്ങിയ എല്ലാ ചടങ്ങുകളും രാമക്ഷേത്രം കേന്ദ്രീകരിച്ചാണ്.
ഇന്ന് രാവിലെ 11.15 ന് 240 കോടി ചിലവഴിച്ച് പുതുക്കിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം നടക്കും. ക്ഷേത്ര നിർമ്മിതിയോട് സാമ്യമുള്ളതാണ് അടുത്തിടെ പേര് പുതുക്കിയ സ്റ്റേഷന്റെ നിർമ്മാണം. 12.15ന് 1450 കോടി ചിലവിട്ട് വികസിപ്പിച്ച വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഒരുമണിക്ക് റോഡ് ഷോയിലും പൊതു പരിപാടിയിലും മോദി പങ്കെടുക്കും. വമ്പൻ പ്രഖ്യാപനങ്ങളുമുണ്ടാകും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അയോധ്യ നഗരം മുഴുവൻ ഇതിനോടകം അലങ്കരിച്ചു കഴിഞ്ഞു. അയോധ്യ ക്ഷേത്രം പ്രതിഷ്ഠയ്ക്ക് മുമ്പ് രാഷ്ട്രീയ ചർച്ച സജീവമാക്കാനാകും മോദി ഇന്ന് ശ്രമിക്കുക. നിരോധിത ഖലിസ്ഥാൻ സംഘടനാ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു മോദിയെ റോഡ്ഷോക്കിടെ ആക്രമിക്കണമെന്ന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അയോധ്യയിൽ വിവിധ സേനാ വിഭാഗങ്ങളെയടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വർഷങ്ങളുടെ തയാറെടുപ്പുകൾക്കു ശേഷമാണ് നരേന്ദ്രമോദി അയോധ്യയിലേക്കെത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടിയാണ് ഇവിടെ തുടക്കമിടുന്നത്.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam