ആവേശം വിതറി പ്രധാനമന്ത്രിയുടെ റോഡ് ഷോ, മണ്ഡല പുനർനിർണയത്തിൽ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിൻ; തമിഴ്നാട്ടിൽ പോര് മുറുകുന്നു

Published : Apr 16, 2026, 12:05 AM IST
stalin pm modi

Synopsis

തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗർകോവിലിൽ വൻ റോഡ് ഷോ നടത്തി. മറുവശത്ത്, കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ നീക്കത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംസ്ഥാനവ്യാപകമായി കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുകയാണ്

ചെന്നൈ: വോട്ടെടുപ്പിന് ഒരുങ്ങുന്ന തമിഴ്‌നാട്ടിൽ വൻ പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി എത്തിയതോടെ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ ആവേശഭരിതമാകുന്നു. നാഗർകോവിലിൽ വമ്പൻ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി എൻ ഡി എ ക്യാമ്പിന് വലിയ ആവേശം പകർന്നു. നാഗർകോവിൽ നഗരത്തിൽ ഒരു കിലോമീറ്ററോളം നീണ്ട റോഡ് ഷോയിൽ എൻ ഡി എ നേതാക്കൾക്കും സ്ഥാനാർഥികൾക്കും ഒപ്പം അണിനിരന്ന പ്രധാനമന്ത്രിയെ ആയിരക്കണക്കിന് പ്രവർത്തകരാണ് ആവേശത്തോടെ വരവേറ്റത്. യാത്രയ്ക്കിടയിൽ അംബേദ്കർ, എം ജി ആർ എന്നിവരുടെ പ്രതിമകളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തുകയും ചെയ്തു. 'വികസിത് തമിഴ്‌നാട്' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് തമിഴ് ജനതയുടെ പിന്തുണ തേടിയാണ് പ്രധാനമന്ത്രി മടങ്ങിയത്. മറുവശത്ത് തുടർഭരണം ലക്ഷ്യമിടുന്ന സ്റ്റാലിൻ, കേന്ദ്രത്തിന്‍റെ മണ്ഡല പുനർനിർണയനീക്കം ആയുധമാക്കിയുള്ള പ്രചാരണത്തിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. പ്രധാനമന്ത്രിയെ നേരിട്ട് കടന്നാക്രമിച്ചുകൊണ്ടാണ് സ്റ്റാലിന്‍റെ പ്രചരണം. മണ്ഡല പുനർനിർണയനീക്കത്തിൽ തമിഴ്നാട്ടിൽ വ്യാഴാഴ്ച കരിങ്കൊടി പ്രതിഷേധത്തിനും സ്റ്റാലിൻ ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ വീട്ടിലും കരിങ്കൊടി ഉയർത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. പൊതുഇടങ്ങളിലും കരിങ്കൊടിയുമായി പ്രതിഷേധിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

മോദിക്ക് ഫൈനൽ വാണിംഗുമായി സ്റ്റാലിൻ

വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനർനിർണയ നീക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നേരിട്ടുള്ള ആക്രമണമാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടത്തുന്നത്. മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോയാൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തമിഴ്നാട് സാക്ഷ്യം വഹിക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്. അവസാന മുന്നറിയിപ്പ് എന്ന് വ്യക്തമാക്കിക്കൊണ്ട് മോദിയെ സ്റ്റാലിൻ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് അനർഹമായ പ്രാധാന്യം നൽകി തമിഴ്നാടിന്റെ അധികാരം ഇല്ലാതാക്കാൻ ശ്രമിച്ചാൽ സർവ്വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 1950 കളിലെയും 60 കളിലെയും ഡി എം കെയുടെ പോരാട്ടവീര്യം ഇന്ത്യ വീണ്ടും കാണേണ്ടി വരുമെന്നും, മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാരൻ എന്ന നിലയിലുമാണ് താൻ ഇത് പറയുന്നതെന്നുമാണ് സ്റ്റാലിന്‍റെ പക്ഷം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ സന്ദർശനം, സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ റോഡരികിൽ അടിച്ച് ഫിറ്റായ നിലയിൽ, സസ്പെൻഷൻ
കാമുകൻ മറ്റൊരു യുവതിയുമായി വിവാഹത്തിനൊരുങ്ങി, പ്രതിശ്രുത വധുവിന് നേരെ ആസിഡ് ആക്രമണവുമായി 26കാരി