പാര്‍ലമെന്‍റില്‍ ഹാജരാകാത്ത മന്ത്രിമാര്‍ക്കും ബിജെപി എംപിമാര്‍ക്കുമെതിരെ കണ്ണുരുട്ടി മോദി

By Web TeamFirst Published Jul 16, 2019, 4:51 PM IST
Highlights

മന്ത്രിമാര്‍ നിരന്തരം പാര്‍ലമെന്‍റ് സമ്മേളനങ്ങളില്‍ ഹാജരാകുന്നില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പ്രധാനമന്ത്രിയോട് പരാതിപ്പെട്ടിരുന്നു.

ദില്ലി: പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാത്ത കേന്ദ്രമന്ത്രിമാരുടെ വിവരങ്ങള്‍ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാത്ത മന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമെതിരെ മോദി രംഗത്തെത്തിയത്. ഈ മാസം രണ്ടാം തവണയാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്ത ബിജെപി ജനപ്രതിനിധികള്‍ക്കെതിരെ പ്രധാനമന്ത്രി രംഗത്തെത്തുന്നത്.

ചുമതലപ്പെടുത്തിയ ജോലികളില്‍നിന്ന് ഒഴിഞ്ഞുമാറിയ മന്ത്രിമാരെയും മോദി വിമര്‍ശിച്ചു. ബിജെപി അംഗങ്ങളുടെ ഹാജര്‍, പാര്‍ലമെന്‍റ് ഇടപെടലുകള്‍, ചര്‍ച്ചകള്‍, ചോദ്യങ്ങള്‍ എന്നിവ മോദി പരിശോധിച്ചു. ജൂലായ് രണ്ടിന് നടന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ എല്ലാം അംഗങ്ങളുടെയും പ്രകടനം വിലയിരുത്തുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. മന്ത്രിമാര്‍ നിരന്തരം പാര്‍ലമെന്‍റ് സമ്മേളനങ്ങളില്‍ ഹാജരാകുന്നില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പ്രധാനമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. ആവശ്യമെങ്കില്‍ പാര്‍ലമെന്‍റ് സെഷന്‍ നീട്ടാനും തയ്യാറാണെന്ന് മോദി യോഗത്തില്‍ അറിയിച്ചു.

മണ്ഡലങ്ങളില്‍ നൂതനമായ ആശയങ്ങള്‍ കൊണ്ടുവരാനും നടപ്പാക്കാനും രാഷ്ട്രീയേതര പരിപാടികളില്‍ സജീവമാകാനും മോദി നിര്‍ദേശിച്ചു. പാര്‍ലമെന്‍റ് ലൈബ്രറി കെട്ടിടത്തില്‍ നടന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു. 

click me!