അഭിനന്ദനെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ; സുരക്ഷ വിലയിരുത്താൻ വൈകീട്ട് കേന്ദ്ര മന്ത്രിസഭായോഗം

By Web TeamFirst Published Feb 28, 2019, 10:55 AM IST
Highlights

പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാപനപതി ഇസ്ലാമാബാദിലെ വിദേശകാര്യമന്ത്രാലയത്തിലെത്തി വൈമാനികനെ വിട്ട് കിട്ടണമെന്ന് രേഖാമൂലം ഇന്ത്യ ആവശ്യപ്പെട്ടു. സുരക്ഷ വിലയിരുത്താൻ കേന്ദ്ര മന്ത്രിസഭായോഗം വൈകീട്ട് 

ദില്ലി: അതിര്‍ത്തിയിൽ സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്ഥാന്റെ പിടിയിലായ വൈമാനികന്റെ മോചനത്തിന് നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഇന്ത്യ. പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാപനപതി ഇസ്ലാമാബാദിലെ വിദേശകാര്യമന്ത്രാലയത്തിലെത്തി വൈമാനികനെ വിട്ട് കിട്ടണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു. ഇന്നലെ പാകിസ്ഥാൻ ആക്ടിംഗ് ഹൈക്കമ്മീഷണറെയും ഇന്ത്യ വിളിച്ച് വരുത്തിയിരുന്നു. വൈമാനികനെ വിട്ട് കിട്ടണമെന്നും അഭിനന്ദനോട് മാന്യമായി പെരുമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു

അന്താരാഷ്ട ചട്ടങ്ങളും മര്യാദകളും അനുസരിച്ചാണെങ്കിൽ വൈമാനികനെ ഉടൻ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറാകണമായിരുന്നു. അത് ഉണ്ടായില്ലെന്ന് മാത്രമല്ല വൈമാനികനെ വിട്ട് നൽകണമെന്ന ഇന്ത്യൻ ആവശ്യത്തോട് ഔദ്യോഗിക പ്രതികരണത്തിനും പാകിസ്ഥാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് നയതന്ത്ര തലത്തിലും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലും നീക്കങ്ങൾ ശക്തമാക്കാൻ ഇന്ത്യ തീരുമാനിച്ചത്. അതേസമയം വിങ് കമാന്ററെ വിട്ട് നൽകാതെ പാകിസ്ഥാൻ വിലപേശൽ സാധ്യത മുന്നോട്ട് വക്കുമോ എന്ന് ആശങ്കയും വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിക്കുന്നുണ്ട്

ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാന്റെ സമ്മര്‍ദ്ദത്തിന് കീഴടങ്ങേണ്ടതില്ലെന്നും പാക് പ്രകോപനങ്ങളെ ശക്തമായി നേരിടുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. വൈകീട്ട് സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ ഉപസമിതിയോഗവും അതിന് ശേഷം കേന്ദ്ര മന്ത്രിസഭായോഗവും ചേരുന്നുണ്ട്. നിലവിലെ അവസ്ഥയും സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ചും വിശദമായി യോഗം വിലയിരുത്തും. അതിന് ശേഷം കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രതികരണവും പ്രതീക്ഷിക്കുന്നുണ്ട്. 

click me!