'ഒടുവിൽ മോചിതൻ', ജാമ്യം കിട്ടി രണ്ടാഴ്ചയ്ക്ക് ശേഷം കവി വരവരറാവു പുറത്തേയ്ക്ക്

Published : Mar 07, 2021, 10:39 AM IST
'ഒടുവിൽ മോചിതൻ', ജാമ്യം കിട്ടി രണ്ടാഴ്ചയ്ക്ക് ശേഷം കവി വരവരറാവു പുറത്തേയ്ക്ക്

Synopsis

ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി കഴിഞ്ഞ മാസം 22-നാണ് എൺപത്തിയൊന്നുകാരനായ കവി വരവരറാവുവിന് ജാമ്യം അനുവദിച്ചത്. അതിന് ശേഷം മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു റാവു. 

മുംബൈ: ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുകയായിരുന്ന കവി വരവരറാവു ജയിൽമോചിതനായി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി കഴിഞ്ഞ മാസം 22-നാണ് എൺപത്തിയൊന്നുകാരനായ കവി വരവരറാവുവിന് ജാമ്യം അനുവദിച്ചത്. അതിന് ശേഷം മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു റാവു. ഇന്നലെ രാത്രി വൈകിയാണ് വരവരറാവുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. അഭിഭാഷകയായ ഇന്ദിരാ ജയ്‍സിംഗാണ് റാവുവിന്‍റെ ചിത്രം ട്വീറ്റ് ചെയ്തത്. ''ഒടുവിൽ മോചിതൻ'' എന്ന അടിക്കുറിപ്പോടെയാണ് ഇന്ദിരാ ജയ്‍സിംഗ് ചിത്രം പോസ്റ്റ് ചെയ്തത്. 

മുംബൈ വിട്ടുപോകരുതെന്നും, പൊലീസ് എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് വരവരറാവുവിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് എൻഐഎയ്ക്ക് മുന്നിൽ കെട്ടിവയ്ക്കണം, കേസിലെ മറ്റ് പ്രതികളുമായി യാതൊരു തരത്തിലും ബന്ധപ്പെടാൻ പാടില്ല, അരലക്ഷം രൂപയും ആൾജാമ്യവും കോടതിയ്ക്ക് മുന്നിൽ കെട്ടിവയ്ക്കണം എന്നിവയാണ് മറ്റ് ജാമ്യവ്യവസ്ഥകൾ.

2018 ഓഗസ്റ്റ് 28 മുതൽ വരവരറാവു ജയിലിലാണ്. കേസിന്‍റെ വിചാരണ പോലും തുടങ്ങിയിട്ടുമില്ല. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പല തവണ വരവരറാവുവിന്‍റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജാമ്യം നിഷേധിക്കപ്പെട്ടു. 365 ദിവസത്തിൽ 149 ദിവസവും വരവരറാവു ആശുപത്രിയിലായിരുന്നെന്നും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള റാവുവിനെ തലോജ ജയിലിൽ നിന്ന് മാറ്റി, ഹൈദരാബാദിലെ വീട്ടിൽ കഴിയാൻ അനുവദിക്കണമെന്നും റാവുവിന് വേണ്ടി ഹാ‍ജരായ ഇന്ദിരാജയ്‍സിംഗ് വാദിച്ചു. ഈ വാദം അംഗീകരിച്ച ബോംബെ ഹൈക്കോടതി, ഇനിയും വരവരറാവുവിന് ജാമ്യം നൽകിയിട്ടില്ലെങ്കിൽ അത് മനുഷ്യാവകാശങ്ങൾ അവഗണിക്കുന്നത് പോലെയാകുമെന്ന് നിരീക്ഷിച്ചിരുന്നു. 

2017 ഡിസംബർ 31-ന് പുനെയിൽ നടന്ന എൽഗാർ പരിഷദ് എന്ന സംവാദപരിപാടിയിൽ നടന്ന പ്രകോപനപരമായ പ്രസംഗങ്ങളാണ് പിറ്റേന്ന് ഭിമ- കൊറേഗാവ് യുദ്ധസ്മാരകത്തിന് സമീപത്തുണ്ടായ അക്രമസംഭവങ്ങൾക്ക് വഴിവച്ചതെന്ന കേസിലാണ് വരവരറാവു അറസ്റ്റിലാവുന്നത്. ദേശീയ അന്വേഷണ ഏജൻസിയാണ് കേസന്വേഷിക്കുന്നത്. മാവോയിസ്റ്റുകളുമായി ചേർന്ന് വരവരറാവു ഉൾപ്പടെയുള്ളവർ ഗൂഢാലോചന നടത്തി അക്രമങ്ങൾ ആസൂത്രണം ചെയ്തെന്നാണ് എൻഐഎ കേസ്. ''വീരസം'' എന്ന, വിപ്ലവാഭിമുഖ്യമുള്ള എഴുത്തുകാരുടെ സംഘടനയുടെ തലപ്പത്തുള്ള വരവരറാവുവിന് അക്രമങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ നിർണായകപങ്കുണ്ടെന്ന് എൻഐഎ ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങളെല്ലാം ശക്തമായി വരവരറാവു കോടതിയിൽ നിഷേധിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി
സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി