
ബെംഗളൂരു: ബെംഗളൂരു സംഘര്‍ഷത്തില്‍ എസ്‍ഡിപിഐ നേതാവ് പിടിയില്‍. എസ്‍ഡിപിഐ ബെംഗളൂരു ജില്ലാ സെക്രട്ടറി മുസമ്മില്‍ പാഷാ മക്സൂദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസമ്മില് പാഷാ മക്സൂദടക്കം സംഘടനയിലെ ചില പ്രവർത്തകരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എസ്ഡിപി വക്താക്കൾ തന്നെയാണ് അറിയിച്ചത്. നഗരത്തില്‍ പൊലീസിന്‍റെ വ്യാപക പരിശോധന തുടരുകയാണ്.
നാലായിരത്തിലധികം പേർ ഇന്നലെ നടന്ന സംഘർഷത്തില്‍ പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത്രയും പേർ ഒരു രാത്രികൊണ്ട് സംഘടിച്ചതല്ലെന്നും അക്രമത്തിന് നേരത്തെ ചിലർ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് സംശയിക്കുന്നു. എസ്‍ഡിപിഐ അടക്കമുള്ള സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നുണ്ടെന്നും ബെംഗളൂരു പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് സംഘടനയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി മന്ത്രി സിടി രവി രംഗത്തെത്തിയത്. എസ്ഡിപിഐ ആദ്യമായല്ല സംസ്ഥാനത്തെ മതസൗഹാർദം തകർക്കാന്‍ ശ്രമിക്കുന്നതെന്ന് കർണാടക ടൂറിസം മന്ത്രി ആരോപിച്ചു.
ഇന്നലെ രാത്രിമുഴുവന്‍ നീണ്ട സംഘർഷത്തിലേർപ്പെട്ട 110 പേരെയാണ് ഇതിനോടകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കോൺഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ഭാര്യാ സഹോദരിയുടെ മകന്‍ ഫേസ്ബുക്കില്‍ മതവിദ്വേഷം വളർത്തുന്ന പരാമർശം പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് നഗരത്തില്‍ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമകാരികൾക്ക് എതിരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്നു പേരാണ് മരിച്ചത്. പരുക്കേറ്റ നിരവധി പേർ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam