ദില്ലി കലാപം: താഹിര്‍ ഹുസൈന്‍റെ സഹോദരന്‍ അടക്കം ഏഴുപേര്‍ അറസ്റ്റില്‍

By Web TeamFirst Published Mar 9, 2020, 9:46 PM IST
Highlights

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തില്‍ താഹിര്‍ ഹുസൈനെ ചൊവ്വാഴ്‍ചയാണ് അറസ്റ്റ് ചെയ്‍തത്. 

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ അറസ്റ്റിൽ. ഐബി ഉദ്യോഗസ്ഥന്‍റെ മരണത്തിൽ പ്രതിയായ താഹിർ ഹുസൈന്‍റെ സഹോദരൻ ഷാ ആലം ഉൾപ്പെടെ ഉള്ളവരെ ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തില്‍ താഹിര്‍ ഹുസൈനെ ചൊവ്വാഴ്‍ചയാണ് അറസ്റ്റ് ചെയ്‍തത്. അങ്കിത് ശര്‍മ്മയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ താഹിര്‍ ഹുസൈന്‍ നാടകീയമായി കോടതിയില്‍ എത്തുകയായിരുന്നു.  കീഴടങ്ങല്‍ അപേക്ഷ ദില്ലി റോസ് അവന്യൂ കോടതി തള്ളിയതിന് പിന്നാലെ പൊലീസ് താഹിറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

അതേസമയം ദില്ലി കലാപത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതി. കലാപം ബിജെപി ആസൂത്രണം ചെയ്തതാണെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സമിതി കൈമാറി. കലാപം മുന്‍കൂട്ടി കാണുന്നതില്‍ ഇന്‍റലിജന്‍സ് സംവിധാനങ്ങളും നിയന്ത്രിക്കുന്നതില്‍ ദില്ലി പൊലീസും പരാജയപ്പെട്ടു. കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പെര്‍വേഷ് വര്‍മ്മ തുടങ്ങിയ നേതാക്കളുടെ വിദ്വേഷ പരാമര്‍ശങ്ങളാണ് കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും വസ്‍തുതാന്വേഷണ സമിതി ആവശ്യപ്പെട്ടു. 

click me!