
ദില്ലി: സിജെപി നേതാവ് അഭിജീത് ദീപ്കെയുടെ വസതിയിൽ പൊലീസ്. അഭിജീത്തിനെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് പൊലീസ് കരോൾ ബാഗിൽ ഇവർ താമസിക്കുന്ന വസതിയിൽ എത്തിയത്. തന്നെ അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്ന് അഭിജീത് പറഞ്ഞിരുന്നു. തന്റെ പിന്നാലെ പൊലീസും ഐബിയും പിന്തുടരുന്നുണ്ടെന്നും വീടിന് സമീപം പൊലീസ് നിരീക്ഷണം നടക്കുന്നുണ്ടെന്നും ഇന്നലെ രാത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കരോൾ ബാഗിലെ വീടിന് പുറത്തും പൊലീസ് വിന്യാസമുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ അഭിജീത്തുമായി സംസാരിച്ചു. നേരത്തെ നേതാക്കളെ ദില്ലിയിൽ കാലുകുത്തും മുമ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. അശോതോഷ് രംഗ, സൗരവ് ദാസ് എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മുത്തശ്ശിയുടെ മരണാന്തര ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തിയ ദീപ്കെ ഇന്നലെ വാർത്താ സമ്മേളനം നടത്തിയിരുന്നു. സിജെപിയുടെ തിരംഗ റാലിക്ക് മുന്നോടിയായാണ് കസ്റ്റഡിയെന്നും സൂചനയുണ്ട്. സിജെപി സമരം നടക്കുമെന്ന് അറിയിച്ചതോടെ ദില്ലി പൊലീസ് സെൻട്രൽ സർക്കിൾ അടച്ചിരുന്നു. 25000ത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. എന്നാൽ പാർക്ക് അടച്ചതോടെ സുപ്രീം കോടതി ഇടപെട്ടു. തുടർന്ന് 11 പേർക്ക് പൊലീസ് അനുമതി നൽകിയിട്ടുണ്ട്. കൊണാട്ട്പ്ലേസിൽ പ്രത്യേക സ്ഥലത്ത് പതാകയുമായി കുറച്ചുനേരം പ്രതിഷേധിക്കാൻ അനുവാദം നൽകും. സെൻട്രൽ പാർക്കിന് ചുറ്റും 6000 പൊലീസുകാരെ വിന്യസിക്കും. പൊതുജനങ്ങൾ ഈ പ്രതിഷേധത്തിൽ പങ്കുചേരരുതെന്നും ദില്ലി പൊലീസ് ആവശ്യപ്പെട്ടു. പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ നിന്ന് സിജെപിയെ തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതോടെയാണ് കുറച്ചു പേരെ പ്രതിഷേധിക്കാൻ അനുവദിക്കുമെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam