
ദില്ലി: പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനും ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികളായ മീരന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍ എന്നിവക്കെതിരെയും യുഎപിഎ ചുമത്തി ദില്ലി പൊലീസ്. ഒരു അഡ്വക്കേറ്റിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മൂവര്‍ക്കുമെതിരെ കൊലപാതകം, കൊലപാതകശ്രമം, വര്‍ഗീയ ലഹള ലക്ഷ്യമിട്ട് ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട് എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ വടക്ക്-കിഴക്കന്‍ ദില്ലിയില്‍ നടന്ന സംഘട്ടനങ്ങളില്‍ 53 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ദില്ലി കലാപത്തിന് പിന്നിലെ ഗൂഢാലോചന ആരോപിച്ചാണ് ഹൈദറിനെയും സര്‍ഗാറിനെയും ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സര്‍ഗാര്‍ ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററും ഹൈദര്‍ പാനല്‍ അംഗവുമായിരുന്നു. പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ഹൈദര്‍ രാഷ്ട്രീയ ജനതാദള്‍ യുവജന വിഭാഗത്തിന്‍റെ ദില്ലി പ്രസിഡന്‍റ് കൂടിയാണ്.
വടക്ക്- കിഴക്കന്‍ ദില്ലിയിലെ സംഘര്‍ഷങ്ങളുടെ പേരില്‍ ഏപ്രില്‍ രണ്ടിനാണ് മീരന്‍ ഹൈദറിനെ അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്ക് ശേഷം സഫൂറയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ആക്റ്റിവിസ്റ്റുകളും ചലച്ചിത്ര പ്രവര്‍ത്തകരും ഏപ്രില്‍ 16ന് രംഗത്തെത്തിയിരുന്നു. എന്നാല്‍ നിഷ്പക്ഷമായാണ് അന്വേഷണം നടത്തിയത് എന്ന് ദില്ലി പൊലീസ് ഇതിന് മറുപടിയുമായി വ്യക്തമാക്കി. ഫോറന്‍സിക് തെളിവുകളുടെയും വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും ദില്ലി പൊലീസ് പറഞ്ഞിരുന്നു.
മൂവരും ചേര്‍ന്ന് മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് കലാപം അരങ്ങേറിയത് എന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. ഉമര്‍ ഖാലിദ് ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ട് രണ്ടിടങ്ങളില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ദില്ലി കലാപത്തിന് പിന്നിലെ ഗൂഢാലോചന സ്ഥാപിക്കാന്‍ തോക്കുകളും പെട്രോള്‍ ബോബുകളും ആസിഡ് കുപ്പികളും കല്ലുകളും വിവിധ വീടുകളില്‍ നിന്ന് പൊലീസ് കണ്ടെത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam