
ദില്ലി: ക്ലബ് ഹൗസ് (Club house) ആപ്പിലൂടെ മുസ്ലീം സ്ത്രീകള്‍ക്കെതിരായ (Muslim women) വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ മലയാളി പെണ്‍കുട്ടിയെ ദില്ലി പൊലീസ് (Delhi Police) ചോദ്യം ചെയ്‌തേക്കും. കേസില്‍ പൊലീസ് തിരിച്ചറിഞ്ഞ ആറ് പേരില്‍ ഒരാള്‍ മലയാളി പെണ്‍കുട്ടിയാണ്. കോഴിക്കോട് സ്വദേശിനിയാണ് പെണ്‍കുട്ടിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദില്ലി പൊലീസ് സൈബര്‍ സെല്‍ (Cyber cell) നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ലക്‌നൗ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇതില്‍ എഫ്‌ഐആര്‍ (FIR) റജിസ്റ്റര്‍ ചെയ്യണമെന്നും ദില്ലി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ദില്ലി പൊലീസിനു നോട്ടീസ് നല്‍കിയിരുന്നു. സമാനമായ മറ്റൊരു കേസില്‍ മുംബൈ പൊലീസ് മൂന്ന് യുവാക്കളെ ഹരിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.