
ലക്നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്. 15 പേരാണ് സംഘര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ചത്. തങ്ങള്‍ സംഘര്‍ഷത്തിനിടെ പ്രതിഷേധകര്‍ക്ക് നേരെ ഒരു തവണ പോലും വെടിവച്ചിട്ടില്ലെന്നാണ് പൊലീസ് വാദിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ പൊലീസും പ്രതിഷേധകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് വെടിവയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധകര്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവയ്പ്പിലല്ലെന്ന് പൊലീസ് ആവര്‍ത്തിക്കുന്നതിനിടെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധകര്‍ പൊലീസ് പോസ്റ്റിന് തീയിട്ടിരുന്നു. സുരക്ഷാ കവചങ്ങള്‍ ധരിച്ച് പ്രതിഷേധങ്ങള്‍ക്കിടയിലേക്ക് എത്തിയ പൊലീസ് ഓഫീസര്‍ കയ്യിലുള്ള തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുന്നത് വീഡിയോയില്‍ കാണാം. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒരു തവണ പോലും പൊലീസ് വെടിയുതിര്‍ത്തിട്ടില്ലെന്ന് യുപി പൊലീസ് ചീഫ് ഒപി സിംഗ് പറഞ്ഞത്.
പ്രതിഷേധത്തിനിടെ പ്രതിഷേധകര്‍ മാത്രമാണ് തോക്കുപയോഗിച്ചതെന്ന് മറ്റൊരു പൊലീസ് ഓഫീസര്‍ പറഞ്ഞിരുന്നു. വെടിയേറ്റ് 57 പൊലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുപി പൊലീസ് ആരോപിച്ചിരുന്നുയ വ്യാഴാഴ്ച മുതല്‍ തുടരുന്ന അക്രമങ്ങളില്‍ ഇതുവരെ 263 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും നിരോധനാജ്ഞ തുടരുകയാണ്. 705 പേരാണ് അറസ്റ്റിലായിരിക്കുന്നത്. 124 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam