ദില്ലിയില്‍ പൊലീസുകാര്‍ സമരവുമായി തെരുവില്‍; അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

By Web TeamFirst Published Nov 5, 2019, 11:49 AM IST
Highlights

അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരം ചെയ്യുന്ന പൊലീസ‌് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ദില്ലി: ദില്ലി പൊലീസ് ആസ്ഥാനത്ത് ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥർ പണിമുടക്കുന്നു. ടിസ് ഹസാരി കോടതിയില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊലീസ് സമരം ചെയ്യുന്നത്. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരം ചെയ്യുന്ന പൊലീസ‌് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആയിരത്തോളം പൊലീസുകാരാണ് യൂണിഫോമിലെത്തി പ്രതിഷേധസമരം നടത്തുന്നത്. 

കഴിഞ്ഞ ദിവസം കോടതിയില്‍ വെച്ച് അഭിഭാഷകര്‍ പൊലീസിനെ മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇതുവരേയും സംഭവത്തില്‍ പ്രതികളായ അഭിഭാഷകരെ അറസ്റ്റുചെയ്തിട്ടില്ല. ഒടുവില്‍ സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പൊലീസ് ഉദ്യോഗസ്ഥര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. 

തുടക്കത്തില്‍ നൂറോളം പൊലീസുകാരാണ് സമരത്തിനെത്തിയതെങ്കിലും പിന്നീട് ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സമരം അനുനയിപ്പിക്കാന്‍ സ്ഥലത്തെത്തിയെങ്കിലും പ്രതികളായ അഭിഭാഷകരുടെ അറസ്റ്റിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് സമരക്കാര്‍. 
 

click me!