
മുംബൈ: തീവ്രവാദ ആക്രമണമുണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന പൊലീസ് മോക്ഡ്രില്ലിനിടെ മതവിഭാഗത്തെ അവഹേളിച്ചതായി പരാതി. മഹാരാഷ്ട്ര പൊലീസ് സംഘടിപ്പിച്ച മോക് ഡ്രില്ലാണ് വിവാദത്തിലായത്. തീവ്രവാദിയായി അഭിനയിക്കുന്ന പൊലീസ് ഉദ്യോസ്ഥര്‍ അള്ളാഹു അക്ബർ വിളിച്ചതാണ് വിവാദമായത്. മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നതാണ് മോക്ഡ്രില്ലെന്ന് ആരോപിച്ച് ഒരു അഭിഭാഷക കൂട്ടായ്മ പരാതിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. സംഭവത്തിൽ അന്വേഷണമുണ്ടാവുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും ചന്ദ്രപ്പൂർ എസ്പി എസ്പി രവീന്ദ്രസിങ് പർദേഷി ഉറപ്പ് നൽകി.
ജനുവരി 11ന് ചന്ദ്രാപുരിലെ പ്രശസ്തമായ മഹാകാളി ക്ഷേത്രത്തിന് സമീപത്താണ് വിവാദമായ മോക് ഡ്രിൽ നടത്തിയത്. ക്ഷേത്രത്തിലെത്തുന്നവരെ തീവ്രവാദികൾ ബന്ദികളാക്കിയാൽ എങ്ങനെയാണ് സുരക്ഷാ സേന ഇടപെടുകയെന്നതായിരുന്നു മോക് ഡ്രിൽ. ഇതിൽ തീവ്രവാദികളുടെ വേഷമിട്ടവർ പ്രത്യേക മതവിഭാഗം ധരിക്കുന്ന വസ്ത്രവും അവരുടെ മുദ്രാവാക്യവുമാണ് വിളിച്ചതെന്നും ആരോപണമുയർന്നു.
മോക്ഡ്രില്ലിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വിവാദമുണ്ടായത്. മോക്ഡ്രിൽ ഒരുപ്രത്യേക മതവിഭാഗത്തെ അപകീർത്തിപ്പെടുത്തനും തീവ്രവാദികളായി മുദ്രകുത്തുന്നതുമാണെന്ന് പരാതി നൽകാൻ നേതൃത്വം നൽകിയ അഭിഭാഷകൻ ഫറാത്ത് ബെയ്ഗ് പറഞ്ഞു. ലോക്കൽ പൊലീസും തീവ്രവാദ വിരുദ്ധ സ്ക്വാഡും കോംബാറ്റ് യൂണിറ്റ് സി-60 വിഭാഗവുമാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam