
ഭുവനേശ്വര്‍: ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്ത് നിന്ന് തരംതാഴ്ത്തുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ജനങ്ങളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമെന്നും ഒക്ടോബര്‍ രണ്ടുമുതല്‍ സംസ്ഥാനത്ത് ഈ നിയമം പ്രാബല്യത്തില്‍ വരുമെന്നും നവീന്‍ പട്നായിക് അറിയിച്ചു. ഗാന്ധി ജയന്തി ദിവസത്തില്‍ ആരംഭിക്കാനിരിക്കുന്ന 'മോ സര്‍ക്കാര്‍ ഇനിഷ്യേറ്റീവ്' പദ്ധതിയെ സംബന്ധിച്ച് നടന്ന സമ്മേളനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെക്നോളജി, ട്രാന്‍സ്പരന്‍സി, ടീം വര്‍ക്ക്, ടൈം, ട്രാന്‍സ്ഫര്‍മേഷന്‍ എന്നിങ്ങനെ 'ഫൈവ് ടി മന്ത്ര' പിന്തുടരുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 635 പൊലീസ് സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാരുമായും പട്നായിക് വീഡിയോ സംവിധാനത്തിലൂടെ സംവദിച്ചു.
പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്ന ആളുകളുടെ ഫോണ്‍ നമ്പരുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പിന്നീട് അത് 'മോ സര്‍ക്കാരി'ന്‍റെ പ്രത്യേക വെബ് പോര്‍ട്ടലിന് കൈമാറും. രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഫോണ്‍ നമ്പരിലേക്ക് ഓട്ടോമാറ്റിക് സന്ദേശം അയയ്ക്കും. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന 10 നമ്പരുകളിലേക്ക് വിളിച്ച് പൊലീസ് സ്റ്റേഷനിലെ അനുഭവവും ഉദ്യോഗസ്ഥരുടെ പെരുമാറ്റവും മറ്റും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫോണ്‍ നമ്പരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ 'മോ സര്‍ക്കാരി'ന്‍റെ വെബ് പോര്‍ട്ടലിലെ ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗപ്പെടുത്താമെന്നും പട്നായിക് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ പരാതി പരിഗണിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള അനാസ്ഥ കാണിച്ചാല്‍ ജനങ്ങള്‍ക്ക് എസ്പിയെയോ ഡിഐജിയെയോ പരാതിയുമായി സമീപിക്കാം. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കും. നികുതി അടയ്ക്കുന്ന ജനങ്ങളുടെ പണം കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജനങ്ങളാണ് എല്ലാവര്‍ക്കും മുകളിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam