
ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചവരിൽ നിന്ന് അനധികൃതമായി പിഴ ഈടാക്കുകയും അവർക്ക് രസീത് നൽകാതിരിക്കുകയും ചെയ്ത സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ട്രാഫിക് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
ബെംഗളൂരു അശോക് നഗർ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ മുനിയപ്പ, കോൺസ്റ്റബിൾമാരായ ഗംഗാരാജ് ,നാഗരാജ് ,ഹർഷ എന്നിവരെയാണ് പദവികൾ ദുരുപയോഗം ചെയ്തിന് സസ്പെൻഡ് ചെയ്തത്.
സസ്പെൻഷനിലായവര്‍ക്ക് മദ്യപിച്ച് വാഹനമോടിക്കുന്നവരെ പരിശോധിക്കുന്നതിന് ചുമതല നൽകിയിട്ടുണ്ടായിരുന്നില്ലെന്നാണ് ജോയിന്‍റ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്തഗൗഡ പറയുന്നത്. ഇവർ സ്വന്തമായി ആൽക്കോമീറ്റർ സംഘടിപ്പിക്കുകയും യാത്രക്കാരെ പരിശോധിക്കുകയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയ ഇവർ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളോടിക്കുന്നവരിൽ നിന്ന് 32000 രൂപ വരെ ഈടാക്കിയതായും ജോയിന്‍റ് കമ്മീഷണർ വ്യക്തമാക്കുന്നു. പലരുടെയും ഡ്രൈവിങ് ലൈസൻസും ഇവർ വാങ്ങിവച്ചിരുന്നു.
കൂടാതെ ഗതാഗത നിയമങ്ങൾ തെറ്റിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിനായി പൊലീസ് വകുപ്പിന്‍റെ അനുമതിയില്ലാതെ ഇവർ നഗരത്തിന്‍റെ പല ഭാഗങ്ങളിലും ആളുകളെ നിയമിച്ചിരുന്നതായും കമ്മീഷണർ പറഞ്ഞു. യാത്രക്കാരിൽ നിന്ന് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. പദവികൾ ദുരുപയോഗം ചെയ്തതിനും അനധികൃതമായി പിഴ ഈടാക്കിയതിനും പൊലീസുകാർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam