
ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം അവതരിപ്പിച്ച കേസിൽ ബീദർ സ്കൂളിലെ വിദ്യാർത്ഥികളെ വീണ്ടും കർണാടക പൊലീസ് ചോദ്യം ചെയ്‍തു. മൂന്നും നാലും ക്ലാസുകളിലെ കുട്ടികളെയാണ് ഇന്ന് ചോദ്യം ചെയ്തത്. ഒരാഴ്‍ചയ്ക്കിടെ അഞ്ചാം തവണയാണ് ചോദ്യം ചെയ്യൽ. പ്രധാനാധ്യാപികയും ഒരു കുട്ടിയുടെ അമ്മയും നേരത്തെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കും. നാടകത്തിൽ പ്രധാനമന്ത്രിക്കെതിരായ സംഭാഷണത്തിന്‍റെ പേരിലാണ് കേസെടുത്തത്.
ജനുവരി 21 നാണ് നാല്, അഞ്ച്, ആറ് ക്ലാസിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്കൂളില്‍ നാടകം സംഘടിപ്പിച്ചത്. ഷഹീന്‍ ഗ്രൂപ്പിന്‍റെ കീഴിലുള്ള സ്കൂളിലായിരുന്നു സംഭവം. നാടകത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ സാമൂഹ്യപ്രവര്‍ത്തകനായ നിലേഷ് രക്ഷ്യാല്‍ നല്‍കിയ പരാതിയില്‍ സ്കൂളിന് സീല്‍ വച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളിലൊരാളുടെ അമ്മയായ നസ്ബുന്നീസയെയും പ്രധാനാധ്യാപിക ഫരീദ ബീഗത്തെയും അറസ്റ്റ് ചെയ്‍തിരുന്നു.
പ്രധാനമന്ത്രിക്കെതിരായ നാടകം കളിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുവെന്നാണ് സ്കൂളിനെതിരെ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. പൗരത്വനിയമഭേഗഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കിയാല്‍ രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ഈ രാജ്യം വിട്ടുപോകേണ്ടി വരുമെന്ന സന്ദേശമാണ് നാടകം നല്‍കുന്നതെന്നും ആരോപിക്കുന്നു.
സര്‍ക്കാര്‍ നയത്തെയും പദ്ധതികളെയും കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്ന നാടകം സമൂഹമാധ്യമങ്ങളില്‍ വൈറലായ രീതി സമൂഹത്തിലെ സമാധാനം തകര്‍ക്കുന്നതാണെന്നും രക്ഷ്യാല്‍ ആരോപിക്കുന്നു. സ്ഥാപനത്തിനെതിരെ നിയമപരമായ നടപടിയാണ് പരാതിയിലൂടെ ഇയാള്‍ ആവശ്യപ്പെട്ടത്. സ്കൂളിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച എബിവിപി ആഭ്യന്തരമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam