'മഹാരാഷ്ട്ര നാടകം' സുപ്രീം കോടതിയിലേക്ക്; അയോഗ്യത നീക്കത്തിനെതിരെ വിമതരുടെ ഹര്‍ജി, നാളെ പരിഗണിക്കും

By Web TeamFirst Published Jun 26, 2022, 7:56 PM IST
Highlights

ഡെപ്യൂട്ടി സ്പീക്കറുടെ നടപടികളെ ചോദ്യം ചെയ്തതാണ് ഹർജികൾ സമര്‍പ്പിച്ചിരിക്കുന്നത്. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. അവധിക്കാല ബെഞ്ചാകും ഹർജി പരിഗണിക്കുക.

ഗുവാഹത്തി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം സുപ്രീം കോടതിയിലേക്ക്. ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. അയോഗ്യത നീക്കത്തിനെതിരെയാണ് ഹർജി.

ഡെപ്യൂട്ടി സ്പീക്കറുടെ നടപടികളെ ചോദ്യം ചെയ്തതാണ് ഹർജികൾ സമര്‍പ്പിച്ചിരിക്കുന്നത്. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. അവധിക്കാല ബെഞ്ചാകും ഹർജി പരിഗണിക്കുക. മഹാരാഷ്ട്രയിലെ വിമത എംഎൽഎമാർക്കു വേണ്ടി ഹരീഷ് സാൽവെ ഹാജരാകും. ഉദ്ധവ് താക്കറെയ്ക്കു വേണ്ടി മനു അഭിഷേക് സിംഗ്വി വാദിക്കും.

അതിനിടെ, വിമത എം എൽ എമാർക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് ഗവർണര്‍ കത്ത്നല്‍കി. ഡിജിപിക്കും മുംബൈ പൊലീസ് കമ്മീഷണർക്കുമാണ് ഗവര്‍ണര്‍ കത്തയച്ചത്. 

വിമതരെ പിളർത്താൻ ഉദ്ധവ് താക്കറേ പക്ഷം   നീക്കം തുടരുന്നതിനിടെയാണ് നിര്‍ണാടക നീക്കം ഉണ്ടായിരിക്കുന്നത്. ഗുവാഹത്തിയിലെ ഹോട്ടലിൽ തങ്ങുന്നവരിൽ 20 വിമത എംഎൽഎമാരുമായി ഉദ്ധവ് പക്ഷം സമ്പർക്കം പുലർത്തുന്നുവെന്നു സൂചനകള്‍ പുറത്തുവന്നിരുന്നു. ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും എന്നാൽ ശിവസേനയുടെ വാതിലുകൾ അടഞ്ഞിട്ടില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. അതേസമയം ഒൻപതാമത്തെ ശിവസേന മന്ത്രിയും ഇന്ന് ഷിൻഡെ ക്യാമ്പിലെത്തി. 

ഏക്നാഥ്‌ ഷിൻഡെ അടക്കമുള്ള 5 മന്ത്രിമാരെ സ്ഥാനത്തു നിന്ന് നീക്കാനും ഉദ്ധവ് താക്കറെ നടപടികൾ തുടങ്ങിയിരുന്നു. അതിനിടെ 15 വിമത എംഎൽമാർക്ക് വൈപ്ലസ് കാറ്റഗറി സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. നാട്ടിൽ എംഎൽഎമാരുടെ വീടിനും  കുടുംബത്തിനും കേന്ദ്ര സേനകളുടെ സുരക്ഷയുണ്ടാകുമെന്നു ഏകനാഥ്‌ ഷിൻഡെ ഇന്ന് ചേർന്ന യോഗത്തിൽ വിമത എംഎൽഎമാർക്ക് ഉറപ്പ് നൽകി. ഷിൻഡെയെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ കോടതിയെ സമീപിക്കാനും യോഗത്തിൽ തീരുമാനമായിരുന്നു. 

വൈകീട്ടോടെയാണ് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ആയിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് ഗുവാഹത്തിയിൽ എത്തിയത്. ഇതോടെ ഉദ്ധവ് പക്ഷത്തിൽ ബാക്കിയുള്ള മന്ത്രിമാരുടെ എണ്ണം മൂന്നായി ചുരുങ്ങി. അതിനിടെ വിമത എംഎൽമാരിൽ ഒരാളുടെ പിറന്നാൾ ആഘോഷവും ഇന്ന് ഗുവാഹത്തിയിലെ ഹോട്ടലിൽ നടന്നു. 

click me!