
ദില്ലി: വിഷപ്പുകയിൽ ശ്വാസം മുട്ടി നട്ടം തിരിയുകയാണ് രാജ്യതലസ്ഥാനം. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് നോയിഡയിൽ ചൊവ്വാഴ്ച വരെ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. മാസ്ക് ധരിച്ചാണ് ആളുകൾ പുറത്തിറങ്ങുന്നത്. ഞായറാഴ്ച പത്ത് മണിയോടെ അതിഗുരുതരമായ അവസ്ഥയിലേക്കാണ് മലിനീകരണത്തിന്റെ തോത് എത്തിച്ചേർന്നിരിക്കുന്നത്. വായുമലിനീകരണത്തോത് 625 ലേക്ക് എത്തിയിരിക്കുന്നു. ദില്ലിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ധീർപൂർ മേഖലിൽ എയർ ക്വാളിറ്റി ഇൻഡെക്സ് (എക്യൂഐ) 509 ആണ്. ദില്ലി യൂണിവേഴ്സിറ്റി പ്രദേശത്ത് 591,ചാന്ദ്നി ചൗക്കിൽ 432, ലോധി റോഡിൽ 537 എന്നിങ്ങനെയാണ് മലീനീകരണത്തോത് വർദ്ധിച്ച് രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. ദില്ലിയുടെ സമീപപ്രദേശങ്ങളായ നോയിഡ, ഗാസിയാബാദ്, ഗുർഗാവോൺ, ഫരീദാബാദ് എന്നിവിടങ്ങളിലും വായുമലീനികരണം വളരയധികം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് കണ്ണിനും ശ്വാസകോശത്തിനും പ്രശ്നങ്ങളും ശ്വാസംമുട്ടലും അനുഭവപ്പെടുന്നതായി റിപ്പോർട്ടുണ്ട്.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്കൂൾ വിദ്യാർത്ഥികൾക്ക് മാസ്കുകൾ വിതരണം ചെയ്തിരുന്നു. കൂടാതെ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതിക്കുകയും ചെയ്തിരുന്നു. ദില്ലിയിൽ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ കൂട്ടമായി ഇട്ട് കത്തിച്ചതാണ് ഇത്തരം രൂക്ഷമായ മലിനീകരണത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam